പുതിയ നികുതി വ്യവസ്ഥയിലും ആദായ നികുതി ഇളവ് നേടാൻ അവസരമുണ്ട്. ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഈ ഇളവുകൾ പ്രയോജനപ്പെടുത്താം. 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, എൻപിഎസിലേക്കുള്ള തൊഴിലുടമയുടെ വിഹിതം, വാടകയ്ക്ക് നൽകിയിട്ടുള്ള വസ്തുക്കളുടെ ഭവനവായ്പ പലിശ എന്നിവയാണ് ഇളവുകളിൽ പ്രധാനം.
സ്റ്റാൻഡേഡ് ഡിഡക്ഷൻ (Standard Deduction)
ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഈയിനത്തിൽ 75,000 രൂപയുടെ ആനുകൂല്യം ലഭിക്കും. 2024ലെ ബജറ്റിലാണ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ആനുകൂല്യം ഉയർത്തിയത്. ഇളവ് ലഭിക്കുന്നതിന് യാതൊരുവിധ രേഖകളോ ബില്ലുകളോ സമർപ്പിക്കേണ്ടതില്ല. ശമ്പള വരുമാനത്തിൽ നിന്ന് സ്വയമേവ കുറയ്ക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന്,15 ലക്ഷം രൂപ ശമ്പളമുള്ള ഒരാളുടെ നികുതി വിധേയമായ വരുമാനം സ്റ്റാൻഡേഡ് ഡിഡക്ഷൻ കുറയ്ക്കുന്നതിലൂടെ 14.25 ലക്ഷം രൂപയാകും.
തൊഴിലുടമയുടെ എൻ.പി.എസ് വിഹിതം-വകുപ്പ് 80CCD(2)
ജീവനക്കാരന്റെ എൻ.പി.എസ് ടയർ 1 അക്കൗണ്ടിലേക്ക് അടയ്ക്കുന്ന വിഹിതത്തിന് ഇളവ് ലഭിക്കും. ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളം + ഡി.എ) 14% വരെ ഇളവായി അവകാശപ്പെടാം. എൻ.പി.എസ്, ഇ.പി.എഫ് (EPF), സൂപ്പർ ആനുവേഷൻ ഫണ്ട് എന്നിവയിലേക്കുള്ള തൊഴിലുടമയുടെ മൊത്തം വിഹിതം ഒരു സാമ്പത്തിക വർഷം 7.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്. എൻ.പി.എസ് ടയർ-2 അക്കൗണ്ടിലെ നിക്ഷേപത്തിന് ആനുകൂല്യം ലഭിക്കില്ല.
വാടകയ്ക്ക് നൽകിയ വസ്തുവിന്റെ ഭവനവായ്പ പലിശ (വകുപ്പ് 24ബി)
സ്വന്തമായി താമസിക്കുന്ന വീടിന്റെ ഭവനവായ്പ പലിശയ്ക്ക് പുതിയ വ്യവസ്ഥയിൽ ഇളവ് അനുവദനീയമാണ്. വാടകയ്ക്ക് നൽകിയ വസ്തു വാങ്ങുന്നതിനോ നിർമിക്കുന്നതിനോ എടുത്ത വായ്പയുടെ പലിശയ്ക്ക് പരിധിയില്ലാതെ ഇളവ് ലഭിക്കും. പുതിയ നികുതി വ്യവസ്ഥയിൽ വീട്ടുവാടക വരുമാനത്തിൽ നിന്നുള്ള നഷ്ടം (loss from house property) മറ്റ് വരുമാന മാർഗങ്ങളുമായി തട്ടിക്കഴിക്കാൻ (set-off) സാധിക്കില്ലെന്ന കാര്യംശ്രദ്ധിക്കുക.
മറ്റ് ഇളവുകൾ
കുടുംബ പെൻഷൻ (Family Pension): 25,000 രൂപ അല്ലെങ്കിൽ ലഭിച്ച പെൻഷന്റെ മൂന്നിലൊന്ന് (ഏതാണോ കുറവ്).
അഗ്നിവീർ കോർപ്പസ് ഫണ്ട്: സെക്ഷൻ 80CCH പ്രകാരമുള്ള നിക്ഷേപങ്ങൾ.
ഔദ്യോഗിക അലവൻസുകൾ: കൺവെയൻസ് അലവൻസ്, യാത്രാ അലവൻസ് എന്നിവ.
ഭിന്നശേഷിക്കാർക്കുള്ള ഇളവ്: ഭിന്നശേഷിയുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ട്രാൻസ്പോർട്ട് അലവൻസ്.
വകുപ്പ് 80JJAA: അർഹരായ ബിസിനസുകൾക്ക് അധിക ജീവനക്കാരുടെ ചെലവിന്മേൽ ലഭിക്കുന്നഇളവ്.
പുതിയ വ്യവസ്ഥയിൽ പഴയതിനെ അപേക്ഷിച്ച് കുറഞ്ഞ നികുതി നിരക്കുകളാണുള്ളത്. വകുപ്പ് 80സി, എച്ച്.ആർ.എ, എൽ.ടി.എ, സെക്ഷൻ 80ഡി തുടങ്ങിയ ജനപ്രിയ ഇളവുകൾ ഒഴിവാക്കുകയും ചെയ്തു. എന്നിരുന്നാലും സ്റ്റാൻഡേഡ് ഡിഡക്ഷൻ, എൻ.പി.എസ് വിഹിതം തുടങ്ങിയവ വഴി നികുതി ഭാരം കാര്യമായി കുറയ്ക്കാൻ സാധിക്കും. വരുമാന ഘടനയും ഇളവുകളും പരിശോധിച്ച് ഏത് നികുതി വ്യവസ്ഥയാണ് യോജിച്ചതെന്ന് തീരുമാനിക്കാം. പുതിയ വ്യവസ്ഥ പ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളക്കാർക്ക് ഇളവുകൾ പ്രയോജനപ്പെടുത്തിയാൽ നികുതി നൽകേണ്ടിവരില്ല.