എൻറിക്വെ, ബുദാപെസ്റ്റിലെ ആകാശത്തു നിന്നൊരു കുഞ്ഞു നക്ഷത്രം നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും…

ഗണ്ണേഴ്‌സിന്റെ ഗബ്രിയേൽ മഗാല്യുൻസിന്റെ ആ അഞ്ചാം കിക്ക് ബാറിന് മുകളിലൂടെ ബുദാപെസ്റ്റിലെ പുസ്‌കാസ് അരീനയിലെ ഗാലറിയിലേക്ക് പതിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഓരോ പിഎസ്ജി ആരാധകരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നിരിക്കില്ലേ? ആ പുൽമൈതാനത്ത് ഹക്കീമിയും മെൻഡസും ഡെംബെലെയും ഡുവെയും വാരത്സ്‌ഹേലിയയുമെല്ലാം രണ്ടാം ചാമ്പ്യൻസ് ലീഗ് നേട്ടം മതിമറന്ന് ആഘോഷിക്കുമ്പോൾ കോച്ച് ലൂയിസ് എൻറിക്വെയുടെ മനസ് ഒരുപക്ഷേ ഒരിക്കൽ കൂടി 11 വർഷങ്ങൾക്കു മുമ്പത്തെ ബെർലിനിലെ ഒളിമ്പിക് ചാമ്പ്യൻസ് ലീഗ് നേട്ടം മതിമറന്ന് ആഘോഷിക്കുമ്പോൾ കോച്ച് ലൂയിസ് എൻറിക്വെയുടെ മനസ് ഒരുപക്ഷേ ഒരിക്കൽ കൂടി 11 വർഷങ്ങൾക്കു മുമ്പത്തെ ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് സഞ്ചരിച്ചിരുന്നിരിക്കണം. 2015 ജൂൺ ആറിലെ ആ ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയം അയാൾ ആഘോഷിച്ചത് സാക്ഷാൽ ലയണൽ മെസ്സിക്കും ലൂയിസ് സുവാരസിനും നെയ്മർക്കും ആന്ദ്രേസ് ഇനിയെസ്റ്റയ്ക്കും സാവിക്കും സെർജിയോ ബുസ്‌ക്വെറ്റ്‌സിനുമെല്ലാം ഒപ്പമായിരുന്നു. അന്നൊരു ആറു വയസുകാരി കുട്ടിക്കുറുമ്പിയും ആ ആഘോഷത്തിൽ എന്റിക്വെയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ വിജയത്തിന് നാലു വർഷങ്ങൾക്കിപ്പുറം എന്റിക്വെയെ കണ്ണീരാഴങ്ങളിലേക്ക് തള്ളിയിട്ട് ഈ ലോകം തന്നെ വിട്ടുപോയ സന മാർട്ടിനസ്. അയാളുടെ ഇളയ മകൾ. ഇന്നത്തെ 27-കാരൻ പാച്ചോ മാർട്ടിനസിന്റെയും 26-കാരി സിറ മാർട്ടിനസിന്റെയും കുഞ്ഞനുജത്തി.

കഴിഞ്ഞ ദിവസം ബുദാപെസ്റ്റിലെ ആകാശത്തിരുന്ന് അവളും പിഎസ്ജിയുടെ വിജയം ആഘോഷിച്ചിരുന്നിരിക്കണം. ബെർലിനിൽ ബാഴ്‌സയുടെ കിരീട വിജയം അച്ഛനൊപ്പം ആഘോഷിക്കുന്ന സനയുടെ ചിത്രങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. അന്ന് സ്‌റ്റേഡിയത്തിലെ പുൽമൈതാനത്ത് ബാഴ്‌സലോണയുടെ കൊടിയുമെടുത്ത് അവൾ തുള്ളിച്ചാടി നടക്കുകയായിരുന്നു. സനയും എൻറിക്വെയും ചേർന്ന് ബാഴ്‌സയുടെ ആ കൊടി ഒളിമ്പിക് സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് കുത്തിനിർത്തുന്ന ചിത്രം ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ മനോഹര നിമിഷങ്ങളിലൊന്നായിരുന്നു.

ലൂയിസ് എൻറിക്വെയ്ക്കും ഭാര്യ എലേന കുല്ലെല്ലിനും രണ്ടാമത്തെ കുട്ടിക്കു ശേഷം ഒമ്പതു വർഷം കഴിഞ്ഞാണ് സന ജനിക്കുന്നത്. കോച്ചിങ് കരിയറിലേക്ക് അക്കാലത്ത് എൻറിക്വെ കാലെടുത്തുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ബാഴ്‌സലോണയുടെ ബി ടീമിനെയും പിന്നീട് റോമയേയും പരിശീലിപ്പിച്ച അദ്ദേഹം റെലഗേഷൻ സോണിൽ കിടന്ന സ്പാനിഷ് ക്ലബ്ബ് സെൽറ്റ വിഗോയെ ഒമ്പതാം സ്ഥാനത്തെത്തിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. ആ സീസണിൽ റയൽ മാഡ്രിനിടെ 2-0ന് തോൽപ്പിച്ച സെൽറ്റയുടെ പ്രകടനം ലൂയിസ് എന്റിക്വെ എന്ന പരിശീലകന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു. പിന്നീടാണ് ബാഴ്‌സയിലേക്കും സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക കുപ്പായത്തിലേക്കും അദ്ദേഹമെത്തുന്നത്.

2019-ൽ സ്പാനിഷ് പരിശീലകനായിരിക്കെ പെട്ടെന്ന് ഒരു ദിവസം എൻറിക്വെ തന്റെ ഫുട്‌ബോൾ ഇടങ്ങളിൽ നിന്നെല്ലാം അപ്രത്യക്ഷനായി. വാർത്താ സമ്മേളനങ്ങളിലോ എന്തിന് ടീമിന്റെ ട്രെയിനിങ് ഗ്രൗണ്ടുകളിലോ പോലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കുടുംബത്തിലെ എന്തോ അടിയന്തര സാഹചര്യമാണ് അതിനു പിന്നിലെന്ന അഭ്യൂഹം പരന്നു. പിന്നാലെ 2019 ജൂണിൽ തീർത്തും അപ്രതീക്ഷിതമായി അദ്ദേഹം സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചു.

രണ്ടു മാസങ്ങൾക്കു ശേഷം ഓഗസ്റ്റിൽ തന്റെ പ്രിയപ്പെട്ട സനയുടെ മരണ വാർത്ത അദ്ദേഹം ലോകത്തോട് പങ്കുവെച്ചു. ഓസ്റ്റിയോസാർകോമ എന്ന അത്യപൂർവമായ ബോൺ കാൻസറായിരുന്നു സനയ്‌ക്കെന്ന് ലോകം അറിയുന്നത് അപ്പോഴായിരുന്നു. അവസാനം വരെ അവൾക്കൊപ്പമുണ്ടാകാനാണ് അയാൾ തന്റെ പ്രിയപ്പെട്ട ഇടങ്ങളിൽ നിന്നെല്ലാം അകന്നത്. സനയുടെ മരണം തളർത്തിയ എൻറിക്വെ ഒരു ഇടവേളയ്ക്കു ശേഷം സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലകനായി തിരിച്ചെത്തി. 2020 യൂറോ കപ്പിൽ ടീം സെമി ഫൈനൽ വരെയെത്തി. പിന്നീട് 2022 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മൊറോക്കോയോട് ഷൂട്ടൗട്ടിൽ തോറ്റ് സ്പാനിഷ് സംഘം മടങ്ങിയതിനു പിന്നാലെ അദ്ദേഹം പരിശീലക സ്ഥാനം രാജിവെച്ചു.

എൻറിക്വെയുടെ തന്ത്രങ്ങളെ വിശ്വസിച്ച് തൊട്ടടുത്ത വർഷം പാരീസിലേക്ക് അദ്ദേഹത്തിന് പിഎസ്ജിയുടെ ക്ഷണമെത്തി. സൂപ്പർ സ്റ്റാറുകൾ തിങ്ങിനിറഞ്ഞ പിഎസ്ജിയിൽ ആ സ്റ്റാർ സംസ്‌കാരത്തെ പൊളിച്ചെഴുതുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. മെസ്സിയും നെയ്മറുമെല്ലാം ടീം വിട്ടു. പിന്നാലെ എംബാപ്പെയും. അപ്പോഴെല്ലാം ഫ്രഞ്ച് ലീഗിൽ നേട്ടങ്ങൾ ഓരോന്ന് സ്വന്തമാക്കുമ്പോഴും ചാമ്പ്യൻസ് ലീഗ് എന്ന ബാലികേറമല എൻറിക്വെയെ നോക്കി പല്ലിളിച്ചു, ഒപ്പം അദ്ദേഹത്തിന്റെ എതിരാളികളും. ചാമ്പ്യൻസ് ലീഗ് നേടാൻ തനിക്ക് ഒരു സൂപ്പർ താരത്തിന്റെയും സാന്നിധ്യം ആവശ്യമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം കഴിവിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസമായിരുന്നുവെന്ന് ഫുട്‌ബോൾ ലോകം വൈകാതെ അറിഞ്ഞു.

Exit mobile version