യാത്രയയപ്പ് ആഘോഷം പാതിരാത്രിവരെ: കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽ സർവീസുകൾ മണിക്കൂറുകൾ വൈകി

മാനന്തവാടി: യാത്രയയപ്പ് ആഘോഷം പാതിരാത്രിവരെ നീണ്ടതുകാരണം കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽ ഞായറാഴ്ച രാവിലെയുള്ള സർവീസുകൾ മണിക്കൂറുകൾ വൈകി. ഇടതുപക്ഷ അനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് സർവീസിൽനിന്ന് വിരമിക്കുന്ന ജീവനക്കാരന് ശനിയാഴ്ച വൈകുന്നേരം യാത്രയയപ്പ് സംഘടിപ്പിച്ചത്.

ഔപചാരികചടങ്ങുകൾ അവസാനിച്ചതിനുശേഷം കലാപരിപാടികൾ തുടങ്ങി. രാത്രി 11 വരെ കലാവിരുന്ന് തുടർന്നു. കെ.എസ്.ആർ.ടി.സി.യിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും വനിതാജീവനക്കാരുമെല്ലാം ആലോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. രാത്രിവൈകിയുള്ള ആഘോഷം കാരണം ഞായറാഴ്ച രാവിലെ ഡിപ്പോയിൽനിന്ന് സർവീസുകൾ തുടങ്ങാൻ ജീവനക്കാർ എത്തിയില്ല.

പുലർച്ചെ അഞ്ചിനുള്ള കോഴിക്കോട് ടി.ടി. സർവീസ് മാത്രമാണ് ഒാടിയത്. കല്ലോടി, വാളാട്, ആനപ്പാറ, മുതിരേരി, കല്പറ്റ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മുടങ്ങി. സർവീസുകൾ തുടങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടെങ്കിലും ടി.ടി. സർവീസുകൾ തുടങ്ങിയാൽ തങ്ങളും സർവീസ് നടത്താമെന്ന് ഓർഡിനറി ബസ് ജീവനക്കാർ നിലപാടെടുത്തു. ഒടുവിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ കർശന നിർദേശത്തെ തുടർന്നാണ് മണിക്കൂറുകൾ വൈകി സർവീസുകൾ തുടങ്ങിയത്.

ഡിപ്പോയിൽ 15 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും കുറവുണ്ടെന്നും ഇതുകാരണമാണ് സർവീസുകൾ മുടങ്ങുന്നതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം.

Exit mobile version