‘മനുഷ്യന് ഇന്ന് അറിയാവുന്നതിൽ ഏറ്റവും രുചികരവും സ്വാദിഷ്ഠവുമായ ഫലം.’ ജനപ്രിയസാഹിത്യകാരനും അഡ്‌വെഞ്ചേഴ്‌സ് ഓഫ് ടോം സോയർ, ഹക്കിൾബെറി ഫിൻ എന്നീ പ്രമുഖ നോവലുകളുടെ കർത്താവുമായ മാർക്ക് ട്വെയ്ൻ ഒരിക്കൽ ഒരു പഴത്തെ കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി. അതിന്റെ മൃദുവും മധുരപൂരിതവുമായ അകക്കാമ്പ് ഒരു സ്പൂൺ കൊണ്ട് ഐസ്ക്രീം പോലെ കോരി കഴിക്കാം; ഒന്നിലധികം പഴങ്ങളുടെ സ്വാദും സുഗന്ധവും കലർന്ന ഫലം; തന്റെ യാത്രാക്കുറിപ്പുകളിൽ മാർക്ക് ട്വെയ്ൻ ഈ സവിശേഷ ഫലത്തെ ‘ദ്വീപുകളുടെ അഭിമാനം’ എന്ന അർഥത്തിൽ ‘പ്രൈഡ് ഓഫ് ദി ഐലൻഡ്സ്’ എന്നും വിശേഷിപ്പിച്ചു. മാർക്ക് ട്വെയ്നെ മാത്രമല്ല, അക്കാലത്ത് ആളുകളെ വല്ലാതെ മോഹിപ്പിച്ച ഒരു പഴമാണ് ചെറിമോയ. മാർക്ക് ട്വെയ്ൻ വാനോളം പുകഴ്ത്തിയതും ഈ മധുരഫലത്തെ തന്നെ. നമുക്ക് സുപരിചിതമായ ആത്തച്ചക്കയുടെ കുടുംബാംഗമാണ് ചെറിമോയ എന്ന സവിശേഷഫലം
പല വിദേശഫലങ്ങളുടെയും സ്വാദ് കൃത്യമായി എന്താണെന്ന് വിവരിക്കുക അത്ര എളുപ്പമല്ല. അവയുടെ ജന്മദേശത്തുതന്നെ ഓരോരുത്തരും ഓരോ തരം സ്വാദായിരിക്കും പറയുക; ചിലപ്പോൾ ഒന്നിലധികം, പരമാവധി രണ്ടോ മൂന്നോ ഫലങ്ങളുടെ സ്വാദിന്റെ ഒരു സമ്മിശ്രഭാവമായും ആരാധകർ ഇത് അടയാളപ്പെടുത്താറുണ്ട്. എന്നാൽ ഒന്നും രണ്ടുമല്ല, ആറ് വ്യത്യസ്ത ഫലങ്ങളുടെ സ്വാദ് രമ്യമായി ഇടകലർത്തി പ്രകൃതി സൃഷ്‌ടിച്ച ഒരു ഫലം-അതിനെ വിസ്മയം എന്നല്ലാതെ പിന്നെ എങ്ങനെ വിശേഷിപ്പിക്കും? വാഴപ്പഴം, പൈനാപ്പിൾ, സ്ട്രോബെറി, പപ്പായ, പെയർ അഥവാ സബർജിൽ, മാമ്പഴം എന്നിങ്ങനെ രുചിയിലും മേന്മയിലും തികഞ്ഞ വൈവിധ്യം പുലർത്തുന്ന ഈ ആറു പഴങ്ങളുടെ സ്വാദും സുഗന്ധവും ഒറ്റപ്പഴത്തിൽ സമ്മേളിച്ചതാണ് ചെറിമോയ എന്ന ഫലത്തെ വ്യത്യസ്തമാക്കുന്നത്, വേറിട്ടതാക്കുന്നത്. പോരാത്തതിന് കസ്റ്റാർഡ് പോലെയോ, ബനാന പുഡ്ഡിംഗ് പോലെയോ മൃദുലം, ക്രീം നിറഞ്ഞ സ്വഭാവം ഇങ്ങനെയിങ്ങനെ പഴം വിളഞ്ഞുകഴിഞ്ഞാൽ ഒരു സ്പൂൺ കൊണ്ട് ഐസ്ക്രീം പോലെ, കോരി ആസ്വാദ്യകരമായി കഴിക്കാം. വെണ്ണതോൽക്കും പ്രകൃതമുള്ള മധുരഫലം- അതാണ് ചെറിമോയ.















