പോലീസ് നോക്കിനിൽക്കേ മുട്ടയേറ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ.പി ബിനു പിടിയിൽ. തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ബിനുവിനെ പോലീസ് പിടികൂടിയതെന്നാണ് വിവരം. എന്നാൽ തന്നെ പിടിച്ചതല്ല താൻ പോലീസിൽ പിടികൊടുക്കുകയായിരുന്നുവെന്നാണ് ബിനു ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ഐ.പി ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. പിന്നാലെ പോലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന് വ്യക്തമായത്.

കേസിൽ നേരത്തേ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 12 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

Exit mobile version