തിരുവനന്തപുരം (പോത്തന്‍കോട്): ഇന്ന് ലോകം മുഴുവൻ സംഘർഷഭരിതമാണ്. ജാതിയുടെ പേരിൽ മതത്തിൻ്റെ പേരിൽ രാജ്യാതിർത്തികളുടെ പേരിൽ നിസാരമായ കാരണങ്ങളുടെ പേരിൽ ട്രേഡ് വാറുകളൂടെ പേരിൽ മനുഷ്യർ തമ്മിൽ ഏറ്റുമുട്ടുന്നു. യുദ്ധങ്ങളും ജാതി-മത-രാഷ്ട്രീയ സംഘർഷങ്ങളും കൊണ്ട് കലുഷിതമാകുന്ന ഈ കാലഘട്ടത്തിൽ നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ വിശ്വശാന്തി സന്ദേശം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി മഹാമഹോത്സവത്തിനു മുന്നോടിയായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ തുടക്കമായ വിശ്വശാന്തി സന്ദേശ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീകരുണാകരഗുരു ജാതി മത ചിന്തകൾക്കതീതമായി മനുഷ്യനെ കൂട്ടിയിണക്കാന്‍ നോക്കി. ആത്മീയ ബോധമുളളവരും പ്രത്യാശയും ഉളളവരാക്കി മാറ്റി. ജീവീതത്തിൻ്റെ പ്രതിസന്ധികളിൽ തളർന്നുപോകാതെ ജീവിതത്തിന്റെ പ്രതിസന്ധികളെ അതീജീവിക്കാനുളള കരുത്തായി ഗുരുവിന്റെ വാക്കുകള്‍ മാറി. ആത്മീയ ബോധനത്തിന് ഗുരു പുതിയ അർഥതലങ്ങൾ കണ്ടെത്തി. ആത്മീയത മനുഷ്യനെ സ്നേഹിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ഉളളതാണെന്ന് തന്റെ ജീവിതം കൊണ്ട് സാക്ഷ്യം പറഞ്ഞു. അങ്ങനെയുളള ഗുരുവിൻ്റെ സന്ദേശവാഹകരനായി നാം മാറണമെന്നും ഗുരു എന്ന മഹാസമുദ്രത്തിൽ പരൽമീനായി സ്വയം മാറിയ ഒ.വി. വിജയന്‍ എന്ന എഴുത്തുകാരന്റെ വാക്കുകളാണ് ‘ഗുരു ആരാണ്?’ എന്ന അന്വേഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകം സംഘർഷങ്ങളാൽ കലുഷിതമായിരുന്നുവെന്നും, എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും മനുഷ്യരാശി സമാനമായ ഭീതിദമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുദ്ധഭീതിയിൽ ഓടിമറയുന്ന കുഞ്ഞുങ്ങൾക്ക് പകരം കുഞ്ഞുങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന അതിഭീകരമായ കാഴ്ചകൾക്ക് ലോകം നിർവികാരമായി സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. അവിടെയാണ് ഗുരുവിൻ്റെ സന്ദേശം എത്തേണ്ടത്. ആ സന്ദേശങ്ങള്‍ മനുഷ്യമനസ്സുകളില്‍ പ്രകാശം പരത്തണം . ജാതിയുടെ പേരില്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ ദ്രോഹിക്കുമ്പോള്‍ നമ്മള്‍ കൊന്നൊടുക്കുന്നത് ദൈവം തന്ന സ്നേഹം എന്ന വരദാനമാണ്. കോഴിക്കോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന ഒരു ചടങ്ങിൽ ഒരേ വേദിയിൽ പ്രാർഥനയും നോമ്പുതുറയും സംഘടിപ്പിച്ച അനുഭവം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും, വിശാലമായ മാനവിക ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ഇടമാണ് ശാന്തിഗിരിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
അഡ്വ.ജി. ആർ അനിൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. അഡ്വ. എ.എ. റഹീം എം.പി., വി.മുരളീധരന്‍ എം.എല്‍എ., സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുന്‍ എം.എല്‍.എ. അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി., മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.ശാന്തകുമാരി, മോഹന്‍ദാസ് ഗ്രൂപ്പ് ഡയറക്ടര്‍ റാണി മോഹന്‍ ദാസ്, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഡി.സി.സി. മെമ്പര്‍ അഡ്വ. വെമ്പായം അനില്‍കുമാര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി നിസാര്‍ അഹമ്മദ് സുള്‍ഫി, ശാന്തിഗിരി അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ സബീര്‍ തിരുമല, ബി.ജെ.പി. തിരുവനന്തപുരം ജില്ല (നോര്‍ത്ത്) ജനറല്‍ സെക്രട്ടറി എം.ബാലമുരളി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കോലിയക്കോട് മഹീന്ദ്രന്‍, ബി. ഉഷ, നൈജ ബി.എസ്., ഡി.സി.സി. മെമ്പര്‍ പൂലന്തറ കെ. കിരണ്‍ദാസ്, കേരള കോണ്‍ഗ്രസ് എം. തിരുവനന്തപുരം ജില്ല സെക്രട്ടറി. കെ.ഷോഫി, ശാന്തിഗിരി മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി മഹാമഹോത്സവത്തിന്റെ ഭാഗമായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന വിശ്വശാന്തി സന്ദേശ യജ്ഞം മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.















