കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ഇന്നലെ ( ജൂലൈ 10) നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി ലഭിച്ചു. ജൂലൈ ഏഴിന് രാവിലെ 11.15 ന് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു നിന്നും രണ്ടര കിലോമീറ്റർ താഴെയായി മീനാക്ഷിപുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേന, പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, അഗ്നിശമന സേന, സന്നദ്ധ സംഘടനാ വളണ്ടിയർമാര്‍ സംയുക്തമായി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് നാല് സോണുകളായി തിരിച്ചുള്ള തിരച്ചിലാണ് ഇന്നലെയും പ്രദേശത്ത് നടന്നത്. ഇന്ന് (ജൂലൈ 11) സോൺ ഒന്നും രണ്ടും കേന്ദ്രീകരിച്ച് കൂടുതൽ വ്യാപകമായ തിരച്ചിൽ നടത്താൻ മന്ത്രി ടി സിദ്ദീഖ്, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായി ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
അപകടത്തിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശി ബിക്രം സിങ് റാണയെയാണ് ഇനി കണ്ടെത്താന്നുള്ളത്. തുരങ്ക പാത നിർമ്മാണ മേഖലയിലെ അപകടത്തിൽ 18 പേരാണ് ഉൾപ്പെട്ടത്. അപകടത്തെ തുടർന്ന് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. എൻ.ഡി.ആർഎഫ്, പോലീസ്, അഗ്നിശമന സേന, സിവിൽ ഡിഫൻസ് വളണ്ടിയർ, എന്നിരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. എൻ. ഡി.ആർ.എഫ് 70, അഗ്നിശമന സേന 110, 100 പോലീസ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വളണ്ടിയർമ്മാരുടെ നേതൃത്വത്തിലാണ് നാലാം ദിനത്തിലും തിരച്ചിൽ തുടരുന്നത്. മേപ്പാടി ഗവ പോളിടെക്നിക്ക് കോളെജിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്ന് എന്നിവ കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. 49 കുടുംബങ്ങളിലെ 132 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. 41 പുരുഷന്മാരും 43 സ്ത്രീകളും 37 കുട്ടികളും ക്യാമ്പിലുണ്ട്. ക്യാമ്പിൽ ക്രമീകരിച്ച കമ്മ്യൂണിറ്റി കിച്ചൺ മുഖേന 800 പേർക്ക് ദിവസേന ഭക്ഷണം വിതരണവും ചെയ്യുന്നുണ്ട്.
