വ്യത്യസ്തരാണ്, വിരുദ്ധരല്ല; ഭരണഘടന ഉയർത്തി ശാന്തിഗിരിയിൽ ദേശീയ മതാന്തര സംവാദം

ശാന്തിഗിരിയിൽ ഇന്ന് രാവിലെ നടന്ന ദേശീയ മതാന്തര സംവാദം മതമേലദ്ധ്യക്ഷന്മാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് താമര പര്‍ണ്ണശാലയ്ക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അസന്ദാനന്ദഗിരി, സ്വാമിനി ദേവി ജ്ഞാനാഭ നിഷഠാനന്ദഗിരി, പ്രൊഫ.ഡോ.യു.പി. അനില്‍കുമാര്‍, ബ്രഹ്മകുമാരീസ് സിസ്റ്റര്‍ മിനി, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഡോ.വി.പി. ഷുഹൈബ് മൗലവി, സ്വാമി ശിവാനന്ദപുരി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ.ഹുസൈന്‍ മടവൂര്‍, സ്വാമി ആത്മദാസ് യാമി, കര്‍ദ്ദിനാള്‍ ക്ലീമീസ് കാത്തോലിക്ക ബാവ, പാണക്കാട് മുനവറലി തങ്ങള്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ.മോര്‍ ഗീവര്‍ഗീസ് കുറിലോസ്, പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി, സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത, ഫാ.ജോണ്‍ തെക്കേക്കര, ജോര്‍ജ് സെബാസ്റ്റ്യന്‍, മാത്യൂസ് മോര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ, സ്വാമി അഗസ്ത്യശ്രീ രാജവൈദ്യ മോഹനാനന്ദ സരസ്വതി, സ്വാമി നന്ദാത്മജാനന്ദ, സ്വാമി സത് സ്വരൂപാനന്ദഗിരി, സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, സബീര്‍ തിരുമല തുടങ്ങിയവര്‍ സമീപം.


തിരുവനന്തപുരം: വസ്ത്രത്തിൽ വ്യത്യസ്തർ, വിശ്വാസങ്ങളിൽ വ്യത്യസ്തർ; പക്ഷേ ഭരണഘടന ഉയർത്തിപ്പിടിച്ചപ്പോൾ ഒരേ സന്ദേശവുമായി അവർ ഒന്നിച്ചു “വ്യത്യസ്തരാണ്, വിരുദ്ധരല്ല.” വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ആത്മീയ-മതനേതാക്കൾ ഒരേ വേദിയിൽ അണിനിരന്ന ശാന്തിഗിരി ആശ്രമത്തിലെ ദേശീയ മതാന്തര സംവാദം മതസൗഹാർദ്ദത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും ശക്തമായ പ്രഖ്യാപനമായി.
എല്ലാ മതങ്ങൾക്കും തുല്യ പരിഗണന ഉറപ്പുനൽകുന്ന ഭരണഘടന ഉയർത്തിപ്പിടിച്ച് കർദ്ദിനാൾ ക്ലീമിസ് ബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചേർന്ന് നടത്തിയ പ്രഖ്യാപനം മതാന്തര ഐക്യത്തിന്റെ വേറിട്ട സന്ദേശമായി. മതങ്ങൾ തമ്മിലുള്ള ആന്തരിക ബന്ധവും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും സംഗമം മുന്നോട്ടുവച്ചു.
ഇന്ത്യയുടെ സമ്പത്ത് സാമ്പത്തിക വളർച്ചയുടെയോ ആയുധബലത്തിന്റെയോ കണക്കുകളിലല്ലെന്നും, വ്യത്യസ്തതകളെ അംഗീകരിച്ച് ഒരുമിച്ച് ജീവിക്കുന്ന സംസ്കാരത്തിലാണ് ഇന്ത്യയുടെ യഥാർത്ഥ ശക്തിയെന്നും മലങ്കര സുറിയാനി സഭാ അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസ് ബാവ പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിൽ നടന്ന ദേശീയ മതാന്തര സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് “ഇന്ത്യൻ ഭരണഘടനയും മതമൂല്യങ്ങളും” എന്ന വിഷയത്തിലായിരുന്നു സംവാദം.
ഇന്ത്യയുടെ സംസ്കാരം ഒരുമിച്ച് ജീവിക്കുന്ന അയൽപക്ക സംസ്കാരമാണെന്ന് കർദ്ദിനാൾ പറഞ്ഞു. മണ്ണിന്റെ സുകൃതവും മനസ്സിന്റെ നൈർമ്മല്യവുമാണ് ഭാരതീയ സംസ്കാരത്തിന്റെ പ്രത്യേകത. ലോകത്തിന്റെ വിവിധ സംസ്കാരങ്ങളുടെ പ്രതിഫലനം ഇന്ത്യയിൽ കാണാം. മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ഭാഷാസ്വാതന്ത്ര്യം എന്നിവ ഭരണഘടന ഉറപ്പുനൽകുന്നു. ഇതാണ് ഇന്ത്യയെ മഹത്തരമാക്കുന്ന പ്രധാന സവിശേഷതകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തതകളോടൊപ്പം ഒരുമിച്ച് നിൽക്കാനുള്ള ഉത്തരവാദിത്തമാണ് സ്വാതന്ത്ര്യമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടന ഭാരതീയർ ഒന്നിച്ച് എഴുതിയതാണെന്നും അതിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിർച്ച്വൽ കാലഘട്ടത്തിൽ മുൻവിധികൾ വർധിക്കുകയാണ്. മുൻവിധികളില്ലാതെ മറ്റൊരാളുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകുമ്പോഴാണ് നമ്മുടെ ധാരണകളിൽ മാറ്റമുണ്ടാകുന്നതെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചീഫ് സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത, തിരുവനന്തപുരം മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ശിവാമൃതാനന്ദപുരി, ജേക്കബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് നിരണം സഭാ മെത്രാപ്പോലീത്ത റവ. ഡോ. ഗീവർഗീസ് മാർ കുറിലോസ്, ശിവഗിരി മഠം സ്വാമി അസംഗാനന്ദഗിരി, കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് സീനിയർ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തുടങ്ങിയവർ പങ്കെടുത്തു.
അമ്പർനാട് സിദ്ധാശ്രമം സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, കേരള ഖത്തീബ്സ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, തിരുവനന്തപുരം ബിലീവേഴ്സ് ചർച്ച് ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ, ശ്രീരാമകൃഷ്ണ മഠം പ്രബുദ്ധ കേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് പ്രിസൈഡിംഗ് ബിഷപ്പ് ഫാ. ഡോ. ജോർജ് ഈപ്പൻ, ശിവഗിരി മഠത്തിലെ ജ്ഞാനതീർത്ഥ, തിരുവനന്തപുരം ബ്രഹ്മകുമാരി പ്രജാപിതാ ഈശ്വരീയ വിദ്യാലയത്തിലെ ബ്രഹ്മകുമാരി സിസ്റ്റർ മിനി, അഖില ഭാരത് സനാതന സന്ത് സമിതി ജനറൽ സെക്രട്ടറി സ്വാമി അഗസ്ത്യശ്രീ രാജവൈദ്യ മോഹനാനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ചങ്ങനാശേരി അതിരൂപത വികാരി ജനറൽ റവ. ഫാ. ഡോ. ജോൺ തെക്കേക്കര, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ വിഭാഗം ബുദ്ധിസ്റ്റ് പ്രൊഫ. ഡോ. യു.പി. അനിൽകുമാർ, മലപ്പുറം ഓമ്നിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യാമി, തിരുവനന്തപുരം അഹമ്മദീയ മുസ്ലീം ജമാഅത്ത് മിഷനറി ഇൻചാർജ് മൗലവി ടി. മുനവർ അഹമ്മദ് സാഹിബ്, ശ്രീശാന്താനന്ദ മഠം പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനഭ നിഷ്ഠാനന്ദ ഗിരി, അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഇന്റർഫെയ്ത്ത് കോൺഫറൻസ് യു.എൻ. ചാപ്റ്റർ പ്രതിനിധി എം.ഡി. ശശികുമാർ തുടങ്ങിയവരും പങ്കെടുത്തു.
ശാന്തിഗിരി ആത്മവിദ്യാലയം ഹെഡ് ജനനി കൃപ ജ്ഞാന തപസ്വിനി സ്വാഗതവും ശാന്തിഗിരി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ സബീർ തിരുമല കൃതജ്ഞതയും പറഞ്ഞു.

Exit mobile version