പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ സംസ്കൃതി സാംസ്കാരിക വേദി, ഏർപ്പെടുത്തിയ നാലാമത് ‘സംസ്കൃതി – കെപിഎസി ലളിത സ്മാരക നാടക പ്രതിഭാ പുരസ്ക്കാരം’ രംഗപടശില്പി ആർട്ടിസ്റ്റ് സുജാതന്. 59 വർഷമായി നാടക രംഗത്ത് രംഗപടം ഒരുക്കുന്ന കലാകാരനാണ് ആർട്ടിസ്റ്റ് സുജാതൻ.
1951 മേയ് എട്ടിനു കോട്ടയം ജില്ലയിലെ വേളൂരിൽ ജനിച്ച സുജാതൻ 1967-ൽ പതിനാറാം വയസ്സിൽ പിതാവ് ആർട്ടിസ്റ്റ് കേശവനൊപ്പം രംഗപട മേഖലയിൽ എത്തി.1973 ൽ കോട്ടയം നാഷണൽ തീയേറ്റേഴ്സിന്റെ നിശാഗന്ധി എന്ന നാടകത്തിലാണ് സ്വന്തമായി ആദ്യം രംഗപടം ഒരുക്കിയത്.
തോപ്പിൽഭാസി, എൻ എൻ പിള്ള, കെ ടി മുഹമ്മദ്,എസ് എൽ പുരം, പി ജെ ആന്റണി തുടങ്ങിയ നാടക ആചാര്യന്മാരുടെ നാടകങ്ങൾക്ക് രംഗപടം ഒരുക്കിയ സുജാതൻ
കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായപുത്രൻ, അശ്വമേധം തുടങ്ങി ആറു് പതിറ്റാണ്ടിനിടെ നാലായിരത്തിലേറെ നാടകങ്ങൾക്ക്
രംഗപടം ഒരുക്കിയിട്ടുണ്ട്.
15 തവണ തുടർച്ചയായി രംഗപടത്തിനുള്ള
കേരള സംസ്ഥാന നാടക പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇതുവരെ മറ്റാർക്കും ഈ പുരസ്കാരം ലഭിച്ചിട്ടുമില്ല. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.കേരള സംഗീത നാടക അക്കാദമി വർഷംതോറും തൃശൂരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര
നാടകോത്സവത്തിലെ ഓരോ നാടകങ്ങളിലും വരെ സുജാതന്റെ വിരൽസ്പർശം ഉണ്ട്.
1950കളിൽ തുടങ്ങി കെപിഎസി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതൽ 2000വരെയുള്ള
ഓരോ വർഷത്തേയും പ്രധാന നാടകങ്ങളുടെ ഓർമ്മകൾ 8×6അടി ക്യാൻവാസിൽ വരയ്ക്കുന്ന
ജോലിയിൽ ഇപ്പോൾ അദ്ദേഹം വ്യാപൃതനാണ്. എപ്പോഴും സൂക്ഷിക്കുന്നതിനും നാടക സംസ്കാരം പുതിയ തലമുറയെ പഠിപ്പിക്കുന്നതിനും കൂടിയാണിത്.
സംസ്കൃതി 2026 ആഗസ്റ്റ് 12 മുതൽ 16 വരെ നടത്തുന്ന കെപിഎസിലളിത സ്മാരക പ്രൊഫഷണൽ നാടക രാവിൻ്റെ സമാപന ദിവസം ജി ആർ അനിൽ എം എൽ എ ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വച്ച് സിനിമാ നടൻ ഇന്ദ്രൻസ് പുരസ്ക്കാരം വിതരണം ചെയ്യും.10001 രൂപയും മംഗളപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അശോക് ശശി, വിഭു പിരപ്പൻകോട്, എസ്.ആർ ലാൽ, സൂരജ് പ്രകാശ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.
