Thursday, August 13, 2026
EditorialKerala

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ ഡിപ്ലോമ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം

പാലക്കാട്: ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ ആയുർവേദ നഴ്സിങ്, ഫാർമസി, തെറാപ്പി എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് ആയുർവേദ മേഖലയിൽ സർക്കാർ അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നത്. ആയുർവേദ ചികിത്സാരംഗത്ത് നിർദിഷ്ട യോഗ്യതയുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പാരാമെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ പരിശീലനം നേടിയ ആയുർവേദ പാരാമെഡിക്കൽ ജീവനക്കാർക്ക് അവസരങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശരാജ്യങ്ങളിലും ആയുർവേദ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശീലനം നേടിയ ജീവനക്കാർക്ക് അവസരങ്ങളുണ്ട്.
സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നതിനും സിലബസ് തയ്യാറാക്കുന്നതിനുമായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും സംസ്ഥാനത്തെ സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ച കോഴ്സുകളിൽ സർക്കാർ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം എൽ.ബി.എസ്. സെന്റർ മുഖേനയാണ് നടത്തുന്നത്.
സർക്കാർ ക്വാട്ടയിലും മാനേജ്മെന്റ് ക്വാട്ടയിലും അപേക്ഷാ ഫീസ് 1,000 രൂപയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.
ഡിപ്ലോമ ഇൻ ആയുർവേദ നഴ്സിങ്
ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിൽ അവസാനത്തെ രണ്ട് മാസം ഇന്റേൺഷിപ്പാണ്. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (GNM) ഡിപ്ലോമയാണ് നിലവിലെ പ്രവേശന യോഗ്യത.
സർക്കാർ സീറ്റുകളിൽ ആകെ ഫീസ് 8,000 രൂപയും മാനേജ്മെന്റ് സീറ്റുകളിൽ 25,000 രൂപയുമാണ്.
ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി
ഒരു വർഷവും എട്ട് മാസവും ദൈർഘ്യമുള്ള പ്രോഗ്രാമിൽ അവസാനത്തെ രണ്ട് മാസം ഇന്റേൺഷിപ്പാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ ആയുർവേദ തെറപ്പി
രണ്ട് വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിൽ അവസാനത്തെ ആറ് മാസം ഇന്റേൺഷിപ്പാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഫാര്‍മസി , തെറാപ്പി ഡിപ്ലോമ കോഴ്സുകള്‍ക്ക് സർക്കാർ സീറ്റുകളിൽ പ്രതിവര്‍ഷം 8,000 രൂപയും മാനേജ്മെന്റ് സീറ്റുകളിൽ 25,000 രൂപയുമാണ് ഫീസ്.
എല്ലാ കോഴ്സുകൾക്കും അപേക്ഷകരുടെ പ്രായപരിധി 33 വയസ്സാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 38 വയസ്സും വിമുക്തഭടന്മാർക്ക് 40 വയസ്സുമാണ് പ്രായപരിധി. 2026 ജൂലൈ ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് 8593000227, 0491 2574574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Related Posts

Load More Posts Loading...No More Posts.