Wednesday, September 2, 2026
Local NewsThiruvananthapuram

ഓണാഘോഷത്തിനിടെ അക്രമം: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

മംഗലപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൈലാത്തുകോണം സ്വദേശികളായ സുരാജ്, ശ്രീജു, ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 28ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മാരകായുധങ്ങളുമായി എത്തിയ 15 അംഗ സംഘം നാലുപേരെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും റോഡിൽ കിടന്നിരുന്ന രണ്ട് കാറുകൾ ഉൾപ്പെടെ പത്തോളം വാഹനങ്ങൾ തകർക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തു.

കൈലാത്തുകോണം സ്വദേശികളായ ബിജു (ഉണ്ണി), സഹോദരങ്ങളായ അനൂപ് (32), ദീപു (38), ഇവരുടെ സുഹൃത്ത് ജിഷ്ണു (26) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ അനൂപിന്റെ തലയ്ക്കും കമ്പിവടി കൊണ്ടുള്ള അടിയിൽ ബിജുവിന്റെ തലയ്ക്കും ദീപുവിന്റെ കൈയ്ക്കും ജിഷ്ണുവിന്റെ തോളിനുമാണ് പരുക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കൈലാത്തുകോണം സ്വദേശി ശ്രീജു, സഹോദരൻ ശ്രീജിത്ത്, സുരാജ്, ശ്രീരാജ്, ഫഹദ്, അൽഷാദ്, മിഥുൻ (അമ്പാടി) എന്നിവരെയും കണ്ടാലറിയാവുന്ന എട്ട് പേരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെയാണ് സുരാജ്, ശ്രീജു, ശ്രീരാജ് എന്നിവർ പിടിയിലായത്.

സംഭവത്തിൽ നേരത്തെ രാഹുൽ, ശ്രീജിത്ത്, മിഥുൻ (അമ്പാടി) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉറിയടിക്കിടെ തർക്കം

കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം പൗരസമിതി സംഘടിപ്പിച്ച ഉറിയടി പരിപാടിക്കിടെയാണ് സംഘർഷത്തിന് തുടക്കമെന്നാണ് പൊലീസ് പറയുന്നത്. ശ്രീരാജ്, സുരാജ്, ശ്രീജു, ഫഹദ് എന്നിവർ സംഘാടകരുമായി തർക്കിക്കുകയും തുടർന്ന് കയ്യേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് കൈലാത്തുകോണം സ്വദേശി ഹേംജിത്ത് ശ്രീജുവിനും സംഘത്തിനുമെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ച ശേഷം മടങ്ങി.

എന്നാൽ രണ്ടര മണിക്കൂറിന് ശേഷം കൂടുതൽ ആളുകളുമായി സംഘം വീണ്ടും സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു. രണ്ട് വർഷമായി നിലനിന്നിരുന്ന മുൻവൈരാഗ്യത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് പൊലീസ് നിഗമനം. കൈലാത്തുകോണം സ്വദേശി ലെബീഷിനെയും ലെബീഷിന്റെ അമ്മയുടെ സഹോദരിയുടെ മകനായ ഹേംജിത്തിനെയും ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Posts

Load More Posts Loading...No More Posts.