തിരുവനന്തപുരം: സീരിയൽ താരങ്ങളും ടെക്നീഷ്യന്മാരും അണിനിരന്ന ടെലിവിഷൻ ക്രിക്കറ്റ് ലീഗ് സീസൺ 12-ൽ (TCL Season 12) ഏഷ്യാനെറ്റിലെ ‘പത്തരമാറ്റ്’ ടീമിന് വിജയകിരീടം. സെപ്റ്റംബർ 14, 15, 16 തീയതികളിലായി തിരുവനന്തപുരം പൂജപ്പുര മൈതാനത്താണ് ക്രിക്കറ്റ് മാമാങ്കം അരങ്ങേറിയത്.
സെപ്റ്റംബർ 14-ന് രാവിലെ 9:30-ന് സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ ടീമും ടെക്നീഷ്യന്മാരുടെ ടീമും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ആദ്യ കളിയിൽ ആത്മ ടീം വിജയിച്ചു. ടെലിവിഷനിലെ സൂപ്പർഹിറ്റ് സീരിയലുകളായ പത്തരമാറ്റ്, സാന്ത്വനം 2, പവിത്രം, ഇവർ വിവാഹിതരായാൽ (ഏഷ്യാനെറ്റ്), ഹൃദയം (സൂര്യ ടിവി), ചെമ്പരത്തി, സ്നേഹപൂർവ്വം ശ്യാമ, കുടുംബശ്രീ ശാരദ (സീ കേരളം) തുടങ്ങിയവയിലെ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻമാരും ഉൾപ്പെട്ട ടീമുകളാണ് ലീഗിൽ മാറ്റുരച്ചത്.

വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ചെമ്പരത്തി, കുടുംബശ്രീ ശാരദ എന്നീ ടീമുകൾ ആദ്യ റൗണ്ടിൽ പുറത്തായി. തുടർന്ന് പത്തരമാറ്റും സ്നേഹപൂർവ്വം ശ്യാമയും തമ്മിൽ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ വിജയിച്ച് പത്തരമാറ്റ് ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സാന്ത്വനം 2, ഹൃദയം ടീമുകൾ തമ്മിൽ നടന്ന എലിമിനേറ്റർ റൗണ്ടിൽ വിജയിച്ച് ഹൃദയം ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. ഫൈനൽ പ്രവേശനം ലക്ഷ്യമാക്കി സ്നേഹപൂർവ്വം ശ്യാമയും ഹൃദയവും തമ്മിൽ നടന്ന രണ്ടാം ക്വാളിഫയറിൽ സ്നേഹപൂർവ്വം ശ്യാമ വിജയിച്ച് ഫൈനലിലേക്ക് കടന്നു.

വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പത്തരമാറ്റ് 84 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്നേഹപൂർവ്വം ശ്യാമയ്ക്ക് 76 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ 8 റൺസിൻ്റെ ആവേശജയത്തോടെ പത്തരമാറ്റ് ടീം വിജയകിരീടം ചൂടി.
വിജയികൾക്കുള്ള ട്രോഫി സി.ആർ. മഹേഷ് എം.എൽ.എ. സമ്മാനിച്ചു. സംവിധായകരായ ടി.എസ്. സുരേഷ് ബാബു, ഉണ്ണി ചെറിയാൻ, തിരക്കഥാകൃത്ത് വിനു കിരിയത്ത്, ഡി.വൈ.എസ്.പി. പ്രകാശ്, ലയൺസ് ക്ലബ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി. ബിജുകുമാർ തുടങ്ങിയവർ മറ്റ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

സംവിധായകരായ ടി.എസ്. സജി, രതീഷ് നെട്ടയം, നടനും രചയിതാവും സംവിധായകനുമായ രമേഷ് എൻ.ജി.ആർ., നടൻ സമദ് നെട്ടയം, പ്രൊഡക്ഷൻ കൺട്രോളർ ഷാജി തിരുമല, കലാസംവിധായകൻ കണ്ണൻ മുടവൻമുകൾ തുടങ്ങിയവരായിരുന്നു ടെലിവിഷൻ ക്രിക്കറ്റ് ലീഗിൻ്റെ സംഘാടകർ.















