Monday, October 19, 2026
Uncategorized

ഗുരുഭക്തിയുടെ നിറവിൽ ശാന്തിഗിരിയിൽ പൂർണ്ണ കുംഭമേള

പോത്തൻകോട് (തിരുവനന്തപുരം): ശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണ കുംഭമേള ആഘോഷിച്ചു. രാവിലെ അഞ്ചിന് പർണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടെയും നേതൃത്വത്തിൽ പ്രത്യേക പുഷ്പാഞ്ജലി നടന്നു. തുടർന്ന് ആറിന് ധ്വജാരോഹണം, സന്ന്യാസസംഘത്തിന്റെ നേതൃത്വത്തിൽ പുഷ്പസമർപ്പണം, ഗുരുപാദവന്ദനം, പ്രസാദവിതരണം എന്നിവയും നടന്നു. ഉച്ചയ്ക്ക് 12ന് ആരാധനയ്ക്കുശേഷം ഗുരുപൂജ, ഗുരുദർശനം, വിവിധ സമർപ്പണങ്ങൾ.

പ്രാർത്ഥനാ ചടങ്ങുകൾക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും നേതൃത്വം നൽകി. വൈകിട്ട് അഞ്ചുമണിയോടെ കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി. ആശ്രമ സമുച്ചയത്തിൽ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ തീർഥം മൺകുടങ്ങളിൽ നിറച്ച് പീതവസ്ത്രംകൊണ്ട് പൊതിഞ്ഞു. കുംഭങ്ങളുടെ വായ് വട്ടത്തിൽ ആലില, വെറ്റില, മാവില എന്നിവ അടുക്കി നാളികേരം വച്ച് പൂമാല ചാർത്തിയാണ് കുംഭങ്ങൾ ഒരുക്കിയത്.

ഗുരുഭക്തർ കുംഭങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ചയം വലംവച്ചു. പരിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന അഖണ്ഡ മന്ത്രധ്വനികൾ അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും കുംഭമേളയുടെ അഴകിന് മാറ്റുകൂട്ടി.

സ്റ്റീൽ തട്ടങ്ങളിൽ അരിയും പൂക്കളും വച്ച് അലങ്കരിച്ച് ചന്ദനത്തിരി കൊളുത്തി. അരിയിൽ താഴ്ത്തിയ മുറിത്തേങ്ങയിൽ എണ്ണ പകർന്ന് തിരിയിട്ട് കത്തിച്ച ദീപങ്ങളുമേന്തിയ ഭക്തരും കുംഭത്തെ അനുഗമിച്ചു. സങ്കൽപ്പപ്രാർത്ഥനകളോടെ കുംഭങ്ങളും ദീപങ്ങളും ഗുരുസന്നിധിയിൽ സമർപ്പിച്ചു.

ആശ്രമസ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയാവസ്ഥാ പൂർത്തീകരണം നടന്ന 1973 കന്നി 4 അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണ്ണ കുംഭമേള. പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് കുംഭം എടുക്കുന്നത്. തീരാവ്യാധികളും കുടുംബദോഷങ്ങളും മാറ്റി പിതൃശുദ്ധി വരുത്തുന്ന കർമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ പങ്കുചേർന്ന കുംഭഘോഷയാത്ര ശാന്തിഗിരി ആശ്രമത്തെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദ്രമാക്കി.
പൂർണ്ണ കുംഭമേളയോടെ തൊണ്ണൂറ്റിയൊൻപതാമത് നവപൂജിതം ആഘോഷങ്ങൾക്കും സമാപനമായി.

Related Posts

Load More Posts Loading...No More Posts.