Monday, October 19, 2026
KeralaLocal News

റിവൈവ് നവജീവനം പദ്ധതിയിലൂടെ പഠനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കും: മന്ത്രി എൻ. ഷംസുദ്ദീൻ

കഴക്കൂട്ടം: വിദ്യാഭ്യാസ മേഖലയിൽ കേരളം മികവ് പുലർത്തുമ്പോഴും ചില പോരായ്മകൾ നിലനിൽക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പത്താം ക്ലാസിലെത്തിയിട്ടും സ്വന്തം പേര് എഴുതാൻ അറിയാത്ത വിദ്യാർഥികളും അടിസ്ഥാന ഗണിതത്തിൽ പിന്നാക്കം നിൽക്കുന്നവരും മലയാള ഭാഷാപഠനത്തിൽ പ്രയാസം നേരിടുന്നവരുമുണ്ട്. ഇത്തരം വിദ്യാർഥികൾക്ക് സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ ‘റിവൈവ് അഥവാ നവജീവനം’ പദ്ധതിയിലൂടെ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രത്യേക പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കണിയാപുരം ആലുംമൂട് ഗവ. എൽ.പി. സ്കൂളിലെ ശതാബ്ദി സമാപന സമ്മേളനവും പുതിയ ക്ലാസ് മുറികളുടെയും ശതാബ്ദി സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ ഭാവി ക്ലാസ് മുറികളിലാണെന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ നാം ഓർക്കണം. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്പത്താണ് വിദ്യാർഥികൾ. ഒരു വിദ്യാർഥിയുടെ പഠനത്തിലെ പോരായ്മകൾ ഏഴാം ക്ലാസ് പൂർത്തിയാക്കുന്നതിന് മുമ്പ് പരിഹരിക്കേണ്ടത് അനിവാര്യമാണ്. വിവിധ തലമുറകൾക്ക് അറിവ് പകർന്നുനൽകിയ ആലുംമൂട് എൽ.പി. സ്കൂൾ പ്രതിസന്ധികളെ അതിജീവിച്ച് നൂറുവർഷം പൂർത്തിയാക്കിയത് അഭിമാനകരമാണ്.
സ്കൂളിന് രണ്ട് ക്ലാസ് മുറികൾ നിർമിച്ചു നൽകിയ ഷിഫ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഇ. അബ്ദുൾ സലീമിനെയും ശതാബ്ദി സ്മാരക ലൈബ്രറി നിർമിച്ചു നൽകിയ എസ്.എസ്.ജി അംഗം അബ്ദുള്‍ സലാമിനെയും പോലുള്ള വിദ്യാഭ്യാസ സ്നേഹികൾ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജി.ആർ. അനിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ടി.എയും അധ്യാപകരും ഒരുമിച്ച് മുന്നോട്ടുപോയാൽ സ്കൂളിലെ പഠനാന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ ഹെഡ്മിസ്ട്രസ് എ. ഷീബ, പഞ്ചായത്ത് പ്രസിഡന്റ് അർച്ചന ആർ., വൈസ് പ്രസിഡന്റ് ബിപിൻ പള്ളിപ്പുറം, ജില്ലാ പഞ്ചായത്തംഗം മഹാണി ജസീം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഫാറൂഖ് കണിയാപുരം, പുഷ്പ വിജയൻ, വാർഡ് മെമ്പർമാരായ സീനാരാജൻ, ജാസിം, അക്ബർ. വൈ., മണി മധു, പ്രദീപ് വി. കൃഷ്ണൻ, വെട്ടുറോഡ് സലാം, കെ. സോമൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എ. വാഹിദ്, എസ്.എച്ച്. ഷാനവാസ്, കുന്നിനകം അഭിലാഷ്, ഹരികൃഷ്ണൻ ആർ.എസ്., രാജേഷ് ലാൽ, ഗിരീഷ് കുമാർ എൽ., അജി പാച്ചിറ, സലീന എൻ., ദിവ്യാറാണി എന്നിവർ സംസാരിച്ചു.

Related Posts

Load More Posts Loading...No More Posts.