കാര്യവട്ടം : തനിക്ക് ഇഷ്ടമുള്ള രൂപത്തിലും സങ്കൽപ്പത്തിലും ഈശ്വരനെയും ദേവതകളെയും ആരാധിക്കാനും സങ്കൽപ്പിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം സനാതന പാരമ്പര്യത്തിലുണ്ട്.
ക്ഷേത്രങ്ങൾ കേവലം ഈശ്വരാരാധനയ്ക്കുള്ള കേന്ദ്രങ്ങൾ മാത്രമല്ലെന്നും, ക്ഷേത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ സങ്കൽപ്പങ്ങളും ഓരോ ഘടകങ്ങളുടെ പ്രാധാന്യവും പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും വി. മുരളീധരൻ എംഎൽഎ.

കാര്യവട്ടം ശ്രീ വിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രലെ നവരാത്രി മഹോത്സവ ഉദ്ഘാടനവും, സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ എംഎൽഎ.
ശിവനും ശക്തിയും ചേരുന്നതാണ് പ്രപഞ്ചത്തിന്റെ ആധാരം.മാർക്കണ്ഡേയ മുനി അഞ്ചാം നൂറ്റാണ്ടിൽ ദേവീ മാഹാത്മ്യം എഴുതിയ കാലത്ത് വ്യക്തമാക്കി യിട്ടുള്ളതാണ്.
സ്ത്രീ രൂപത്തിലോ മാതൃഭാവത്തിലോ ഈശ്വരനെ ആരാധിക്കുക എന്നത് ലോകത്ത് മറ്റെങ്ങും, മറ്റൊരു ആരാധനാ ക്രമത്തിലും സങ്കൽപ്പിക്കാൻ കഴിയാത്തതായിരുന്നു.
നമ്മുടെ സംസ്കാരത്തിലുണ്ടായ തകർച്ചകളെ മനസ്സിലാക്കി അവയെ ശുദ്ധീകരിച്ച് മുന്നോട്ട് നയിച്ച ആത്മീയ നവോത്ഥാന നായകന്മാരുടെ നാടാണിത്.
നവരാത്രി കാലം ധർമ്മത്തിന്റെ വിജയത്തിന്റെ അവസരമായി കണക്കാക്കപ്പെടുന്നുവെന്നും, ഈ ആശയങ്ങൾ പുതിയ തലമുറ അവരുടെ സംശയങ്ങൾ ദൂരീകരിച്ച് , ശാസ്ത്രീയമായ അവബോധത്തോടെ ഉൾക്കൊള്ളേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.

ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പി. ദാമോദരൻ നായർ അധ്യക്ഷനായിരുന്നു. പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. ക്രിസ്സ് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഗോപിനാഥൻ നായർ, സംസ്ഥാനതല മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വിദ്യ, ദേവി കീർത്തന രചയിതാവ് സരസ്വതി, കവിയും ബാലസാഹിത്യകാരനുമായ മടവൂർ കൃഷ്ണൻകുട്ടി, അഗ്നി ശമന സേന വിഭാഗത്തിലെ വിരമിച്ച ഉദ്യോഗസ്ഥൻ സജ്ജു കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൗൺസിലർമാരായ സന്ധ്യാ റാണി, എസ്. എസ്. സുനിൽ, കവിയും ഗാന രചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡോ. എ. ഗംഗ പ്രസാദ്, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അണിയൂർ പ്രസന്നകുമാർ, പ്രഭാഷകനും അധ്യാപകനുമായ ജി. രവീന്ദ്രൻ നായർ, സിനിമ സീരിയൽ നടനും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാവിജയം ധനസഹായ വിതരണം, ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു. നവരാത്രി ആഘോഷ പരിപാടികൾ 21ന് സമാപിക്കും















