Monday, October 19, 2026
KeralaLocal NewsThiruvananthapuram

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ച് എൽഡിഎഫ്

കിൻഫ്രയിലെ സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട സഹായമെന്ന് ആരോപണം; സാമ്പത്തിക ക്രമക്കേടുകളിലും അന്വേഷണം ആവശ്യപ്പെട്ടു

കഴക്കൂട്ടം: കിൻഫ്ര അപ്പാരൽ പാർക്കിൽ 13 വർഷം മുമ്പ് തൊഴിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അടച്ചുപൂട്ടിയ സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകാൻ നീക്കം നടത്തുന്നുവെന്നാരോപിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ച് എൽഡിഎഫ് പ്രതിപക്ഷ അംഗങ്ങൾ.ആര്‍. അനില്‍, എം.പ്രവീണ്‍, വി.എസ്. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. സ്വകാര്യ സ്ഥാപനത്തിലേക്കുള്ള തൊഴിലാളി നിയമനത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം.

കിൻഫ്ര അപ്പാരൽ പാർക്കിൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന ഗാർമെന്റ്സ് സ്ഥാപനത്തിലേക്ക് തയ്യൽ അറിയാവുന്ന 50 തൊഴിലാളികളെ നിയമിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തുമെന്ന് അറിയിച്ചുള്ള വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നതാണ് വിവാദത്തിന് ആധാരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശത്തിൽ നിശ്ചിത ദിവസം ഉച്ചയ്ക്ക് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടക്കുമെന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12,000 രൂപ ശമ്പളം ലഭിക്കുമെന്നും അറിയിച്ചിരുന്നു.

സർക്കാർ ഓഫീസ് സ്വകാര്യ സ്ഥാപനത്തിന്റെ റിക്രൂട്ട്മെന്റിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അനിൽ. ആർ ആരോപിച്ചു. വിമർശനം ഉയർന്നതിനെത്തുടർന്ന് പ്രസിഡന്റ് ആദ്യം പങ്കുവച്ച സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് നീക്കം ചെയ്തതായും എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ സ്വകാര്യ സംഘടനയെ ക്ഷണിച്ചതിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 1.80 ലക്ഷം രൂപയുടെ പി.ആർ. പ്രവർത്തനങ്ങൾക്കുള്ള ക്വട്ടേഷൻ ഒരു ഏജൻസിക്ക് അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന ആരോപണവും പ്രതിഷേധക്കാർ ഉന്നയിച്ചു.

പോത്തൻകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം മറ്റൊരാളെ ബിനാമിയാക്കി ക്വട്ടേഷൻ നേടിയതായുള്ള വെളിപ്പെടുത്തലുകൾ കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായെന്നും എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ വിജിലൻസിന് പരാതി നൽകുമെന്ന് അനിൽ. ആർ അറിയിച്ചു.

ഓണാഘോഷത്തിന്റെ പേരിൽ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെടുത്തെന്നും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്ക് ഇതുവരെ ഭരണസമിതിയിൽ അവതരിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പി.ആർ. ക്വട്ടേഷൻ, ഓണാഘോഷവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരത്തിൽ ഒരു ഇൻറർവ്യൂ നടക്കുന്ന വിവരം തനിക്കോ ബ്ലോക്ക് പഞ്ചായത്തിലെ മറ്റു സ്റ്റാഫുകൾക്കോ അറിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജി.ബി. എസ് പറഞ്ഞു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ്

അതേസമയം, പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് മെട്രോ വാർത്തയോട് പറഞ്ഞു. സദുദ്ദേശ്യത്തോടെയാണ് അഭിമുഖം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്താമെന്ന് ആലോചിച്ചതെന്നും ഇക്കാര്യം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചപ്പോൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടർന്നാണ് സന്ദേശം നീക്കം ചെയ്തതെന്നും അവർ വ്യക്തമാക്കി.

അഭിമുഖം ഓഫീസിൽ നടത്തുന്നതുമായി ബന്ധപ്പെട്ട തുടർനടപടികളൊന്നും തീരുമാനിച്ചിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. എല്ലാ കാര്യങ്ങളും ഭരണസമിതിയിലും പഞ്ചായത്ത് കമ്മിറ്റിയിലും അവതരിപ്പിച്ചശേഷമാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്നും ഇതിൽ വ്യക്തിപരമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. താൻ പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്നും ജോളി പത്രോസ് അവകാശപ്പെട്ടു.

പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങൾ തുടരുകയാണെങ്കിൽ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് പറഞ്ഞു.

Related Posts

Load More Posts Loading...No More Posts.