പോത്തൻകോട്:ആർട്ടിസ്റ്റ് സത്യൻ, ശ്രീകാര്യം അർജുനൻ എന്നീ കലാകാരന്മാരുടെ സ്മരണാർഥം കലാനികുഞ്ജം തിയേറ്റർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് പോത്തൻകോട് തുടക്കമായി. നാടകോത്സവത്തിന്റെ ഉദ്ഘാടനം കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ നിർവഹിച്ചു.
നാടകം കേവലം വിനോദോപാധിയല്ലെന്നും സമൂഹത്തെ ചിന്തിപ്പിക്കാനും മാറ്റങ്ങൾക്ക് പ്രേരിപ്പിക്കാനും കഴിയുന്ന ശക്തമായ മാധ്യമമാണെന്നും വി. മുരളീധരൻ പറഞ്ഞു. ഡിജിറ്റൽ യുഗത്തിലും പുതിയ സാങ്കേതികവിദ്യകൾ കടന്നുവരുമ്പോഴും നാടകത്തിന്റെ അടിസ്ഥാനധർമത്തിനും പ്രസക്തിക്കും കുറവുണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സിനിമാതാരം അരിസ്റ്റോ സുരേഷ് വിശിഷ്ടാതിഥിയായി. ഗൗതം മഹേശ്വറിനെ കലാനികുഞ്ജം നാട്യപുരസ്കാരം നൽകി ആദരിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എസ്. കാർത്തിക, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. സാജൻ ലാൽ, വർണ ലതീഷ്, ബിനു പി.എസ്., കെ.പി. പുരുഷോത്തമൻ, ബി.ജെ.പി നേതാവ് എം. ബാലമുരളി, അഡ്വ. എസ്.വി. സജിത്ത്, ടൗൺ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുധൻ എസ്. നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അനിൽകുമാർ, റാഫി, സതീശ് ചന്ദ്രൻ, ജെയ്സൺ പോത്തൻകോട്, എസ്. വരുൺ പ്രസാദ്, കുമാരി ആവണി എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രദീപ്കുമാർ കാവുന്തറ രചിച്ച് സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം എന്ന നാടകം അരങ്ങേറി.
ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന പ്രതിഭാസംഗമം മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ശ്രീധന്യ ആറ്റിങ്ങൽ അവതരിപ്പിക്കുന്ന ഇലയാണ് ഇന്നത്തെ നാടകം.
ഒക്ടോബർ 19ന് ശ്രീനന്ദനയുടെ ഇരുവർ അരങ്ങേറും. ഒക്ടോബർ 20ന് ലക്ഷ്മി കെ.ആർ. രചിച്ച ഉച്ചാര, സുനിൽകുമാർ പ്ലാമൂട് രചിച്ച മറന്നുപോയ് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തുടർന്ന് കൊല്ലം എക്കോ തിയേറ്ററിന്റെ നിലാവ് പറഞ്ഞത് എന്ന നാടകം അവതരിപ്പിക്കും.
ഒക്ടോബർ 21നാണ് നാടകോത്സവത്തിന്റെ സമാപനം. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസ്, വി. ജോയി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം സമാപനദിവസം അരങ്ങേറും.















