Sunday, November 1, 2026
Local NewsNews

ജില്ലാതല ശാസ്ത്രോത്സവത്തിൽ ഇരട്ട ഓവറോൾ കിരീടവുമായി പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂൾ

പോത്തൻകോട്: തിരുവനന്തപുരം ജില്ലാതല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഓവറോൾ കിരീടം സ്വന്തമാക്കി പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂൾ. ശാസ്ത്രമേളയിൽ തുടർച്ചയായി നാലാം തവണയും സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം തവണയുമാണ് വിദ്യാലയം ഓവറോൾ ജേതാക്കളാകുന്നത്. ഐ.ടി. മേളയിൽ മൂന്നാം സ്ഥാനവും ഗണിതമേളയിൽ അഞ്ചാം സ്ഥാനവും നേടിയ വിദ്യാലയം പ്രവൃത്തിപരിചയമേളയിലും മികവ് തെളിയിച്ചു.

ശാസ്ത്രമേളയിൽ 57 പോയിന്റോടെയാണ് വിദ്യാലയം ഓവറോൾ കിരീടം നേടിയത്. സയൻസ് ക്വിസ്, സയൻസ് മാഗസിൻ, സ്റ്റിൽ മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും എൻ.സി.ഇ.ആർ.ടി. സെമിനാർ, ടീച്ചിങ് എയ്ഡ് എന്നിവയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരങ്ങൾക്ക് യോഗ്യത നേടി. റിസർച്ച് ടൈപ്പ് പ്രോജക്ട്, വർക്കിങ് മോഡൽ, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ്, ഇലക്ട്രോണിക്സ് എന്നിവയിൽ എ ഗ്രേഡും ഐ.ഒ.ടി., റോബോട്ടിക്സ്, സയൻസ് ഡ്രാമ എന്നിവയിൽ ബി ഗ്രേഡും സ്വന്തമാക്കി.

സാമൂഹ്യശാസ്ത്രമേളയിൽ 35 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. ഹിസ്റ്ററി സെമിനാർ, അറ്റ്‌ലസ് നിർമ്മാണം, പ്രസംഗം, പ്രാദേശിക ചരിത്രരചന, വർക്കിങ് മോഡൽ എന്നിവയിലും എ ഗ്രേഡ് ലഭിച്ചു. വാർത്താവായനയിലും ജില്ലാതലത്തിൽ എ ഗ്രേഡ് നേടി.

ഗണിതമേളയിൽ 49 പോയിന്റോടെ അഞ്ചാം സ്ഥാനം നേടി. ഭാസ്കരാചാര്യ സെമിനാറിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഗെയിംസിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ഇരു ഇനങ്ങളിലും സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. സ്റ്റിൽ മോഡലിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഗ്രൂപ്പ് പ്രോജക്ട്, സിംഗിൾ പ്രോജക്ട്, ജിയോജിബ്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള നിർമ്മാണം, പസിൽ, പ്യുവർ കൺസ്ട്രക്ഷൻ, അദർ ചാർട്ട്, നമ്പർ ചാർട്ട് എന്നിവയിലും എ ഗ്രേഡ് സ്വന്തമാക്കി.

ഐ.ടി. മേളയിൽ 23 പോയിന്റോടെയാണ് ഓവറോൾ മൂന്നാം സ്ഥാനം നേടിയത്. ഡിജിറ്റൽ പെയിന്റിങ്, ആനിമേഷൻ എന്നിവയിൽ നാലാം സ്ഥാനവും എ ഗ്രേഡും നേടി. സ്ക്രാച്ച് പ്രോഗ്രാമിങ്, പ്രസന്റേഷൻ എന്നിവയിൽ എ ഗ്രേഡും വെബ് പേജ് നിർമ്മാണത്തിൽ ബി ഗ്രേഡും ലഭിച്ചു.

പ്രവൃത്തിപരിചയമേളയിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വയറിങ്, ഇന്നൊവേറ്റീവ് വർക്കിങ് മോഡൽ, മെറ്റൽ എൻഗ്രേവിങ് എന്നീ നാല് ഇനങ്ങളിൽ എ ഗ്രേഡ് നേടി 20 പോയിന്റും വിദ്യാലയം സ്വന്തമാക്കി.

വിദ്യാർത്ഥികളുടെ അർപ്പണബോധവും അധ്യാപകരുടെ ചിട്ടയായ പരിശീലനവും സ്കൂൾ മാനേജ്മെന്റിന്റെ പിന്തുണയും പി.ടി.എ.യുടെ സജീവ സഹകരണവും രക്ഷിതാക്കളുടെ പ്രോത്സാഹനവുമാണ് ഈ അഭിമാനനേട്ടങ്ങൾക്ക് പിന്നിൽ. സംസ്ഥാനതല മത്സരങ്ങളിലും മികവ് ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം.

Related Posts

Load More Posts Loading...No More Posts.