പോത്തൻകോട്: മോഹനപുരം കല്ലൂർ മഠത്തിൽ മഹാദേവ വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിലും പീഠത്തിലും ചിഹ്നങ്ങളും എഴുത്തും കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മതസൗഹാർദം തകർക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് ഭക്തരും നാട്ടുകാരും നാമജപയാത്ര നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്രവിഗ്രഹത്തിൽ ചില ചിഹ്നങ്ങൾ വരച്ചതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വിഗ്രഹത്തിന്റെ പീഠത്തിൽ ഹമാസിന്റെ ചിഹ്നത്തോട് സാദൃശ്യമുള്ള മറ്റൊരു ചിഹ്നം കൂടി കണ്ടെത്തിയതോടെ ഭക്തർക്കിടയിൽ പ്രതിഷേധം ശക്തമായി.

പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം, ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതായാണ് വിവരം.
സംഭവത്തിൽ പ്രതിഷേധിച്ച് ക്ഷേത്രസന്നിധിയിൽനിന്ന് മോഹനപുരം ജങ്ഷൻ വരെ നടത്തിയ നാമജപയാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിനിടെ സമീപത്തെ മസ്ജിദിൽനിന്ന് ബാങ്ക് വിളി ഉയർന്നപ്പോൾ പ്രസംഗം നിർത്തി മൗനം പാലിച്ചത് മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായി. പരസ്പര ബഹുമാനമാണ് സനാതന ധർമത്തിന്റെ അടിസ്ഥാനമെന്ന് വഴയില ഉണ്ണി പറഞ്ഞു.
ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. മുനീർ, ഡി.സി.സി. മണ്ഡലം പ്രസിഡന്റ് മൻസൂർ, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ദീപ സുരേഷ്, കൊയ്ത്തൂർക്കോണം സുന്ദരൻ, സന്തോഷ് കുമാർ എ.. എന്നിവർ സംസാരിച്ചു. നിരവധി ഭക്തരും നാട്ടുകാരും നാമജപയാത്രയിൽ പങ്കെടുത്തു.
ഫോട്ടോ: മോഹനപുരത്ത് നടന്ന നാമജപയാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.















