അഹമ്മദാബാദ്: ഐപിഎൽ ഫൈനലിനു പിന്നാലെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റൻസ് ടീം. ഫൈനൽ മത്സരത്തിനു ശേഷം അഹമ്മദാബാദിലെ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നിന്നും മടങ്ങുന്ന വഴിയിൽ ടീം സഞ്ചരിച്ചിരുന്ന ബസിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും പുക ഉയരുകയും ചെയ്തത് പരിഭ്രാന്തി പരത്തി.
ഇതോടെ കളിക്കാരുടെ യാത്ര തടസപ്പെട്ടു. കളിക്കാർക്കും ജീവനക്കാർക്കും അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഏകദേശം ഒരു മണിക്കൂറോളം അവർ വഴിയിൽ കുടുങ്ങി. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തുകയും താരങ്ങളും മറ്റും ഉടൻ തന്നെ പുറത്തിറങ്ങുകയുമായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടാകാതിരുന്നതാണ് രക്ഷയായത്.
പിന്നീട് മറ്റൊരു ബസിലാണ് താരങ്ങളെ ടീം ഹോട്ടലിലെത്തിച്ചത്. ടീമിലെ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടെയുള്ളവരെല്ലാം അപകട സമയത്ത് ബസിലുണ്ടായിരുന്നു.















