Monday, October 19, 2026
Uncategorized

ജാതിചിന്തയുടെ വേരറുക്കാനാകാത്ത നിസ്സഹായാവസ്ഥ വരച്ചുകാട്ടി ‘തങ്കനാട്ടം’

മഹേഷ് കൊല്ലം

പോത്തൻകോട്: താഴ്ന്ന ജാതിയിൽപ്പെട്ടവനെന്ന് മുദ്രകുത്തപ്പെട്ടവർ എത്ര ഉയരങ്ങളിലെത്തിയാലും ഏത് പദവിയിലെത്തിയാലും അവരെ വെറുപ്പോടെയും വിദ്വേഷത്തോടെയും നോക്കിക്കാണുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ടെന്ന സമകാലിക യാഥാർഥ്യം വരച്ചുകാട്ടി ‘തങ്കനാട്ടം’ എന്ന നാടകം. സായിഗ്രാമം നാടകോത്സവത്തിന്റെ ഭാഗമായി തോന്നയ്ക്കൽ സായിഗ്രാമത്തിൽ നന്മ പെരുമണ്ണ അവതരിപ്പിച്ച നാടകം, ജാതീയമായ ദുരഭിമാനം ഉള്ളിൽ പേറുന്ന മനുഷ്യരുടെ നേർക്കാഴ്ചയായി.

ക്ഷേത്രമുറ്റത്ത് ദൈവവേഷം കെട്ടിയാടി ഉപജീവനം നടത്തുന്ന തങ്കൻ എന്ന ആട്ടക്കാരന്റെ മനോവ്യഥകൾക്കു മുന്നിൽ ദൈവം പോലും നിസ്സഹായനാകുന്ന കാഴ്ചയാണ് നാടകത്തിന്റെ കാതൽ. ദൈവത്തെപ്പോലും വെറുതെവിടാൻ മടിക്കാത്തവർ സാധാരണക്കാരെ എങ്ങനെ ജീവിക്കാൻ അനുവദിക്കുമെന്ന ചോദ്യമാണ് ‘തങ്കനാട്ടം’ സമൂഹത്തിനു മുന്നിൽ ഉയർത്തുന്നത്. ഗിരീഷ് കളത്തിലാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.

പ്രദീപ് ഗോപാൽ, മധു പന്തീരാങ്കാവ്, ഗിരീഷ് ഇല്ലത്ത്താഴം, ഉഷ ചന്ദ്രബാബു, അപർണ വിനോദ്, സുഭാഷ്, രാജൻ മുണ്ടുപാലം, അജയൻ തുടങ്ങിയവർ അരങ്ങിലെത്തി. വിനോദ് നിസരി, കെ.എം.സി. പെരുമണ്ണ, അരുൺ, സത്യൻ മേഖല എന്നിവർ അണിയറയിലും പ്രവർത്തിച്ചു.

45 ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി സായിഗ്രാമത്തിലെ സായ് ഗണേഷ് ഹാളിൽ ഇന്ന് ‘മൂന്ന് പെണ്ണുങ്ങൾ’ അരങ്ങേറും. ഒക്ടോബർ 17-ന് ‘തമ്പുരാൻ’, 20-ന് ‘താക്കോൽ’, 23-ന് ‘ഉവ്വാവ്’, 26-ന് ‘മുടി’, 29-ന് ‘അഭയം’ എന്നീ നാടകങ്ങളും അരങ്ങേറും.

Related Posts

Load More Posts Loading...No More Posts.