Thursday, August 13, 2026
Style & Beauty

‘സംഗീതരംഗത്തെ പ്രശസ്തൻ ‘ക്ഷണിച്ചു’, നമുക്കെല്ലാം അറിയുന്ന ഒരു നടൻ ഷർട്ടിടാത്ത ചിത്രം അയച്ചുതന്നു’

കരിയറിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് അവതാരക രഞ്ജിനി ഹരിദാസ്. പരസ്യ ചിത്രീകരണങ്ങളുടേയും വിദേശ ഷോകളുടേയും മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ചും സ്വന്തമായി നിലപാടുള്ള സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളികളായി മുദ്ര കുത്തുന്ന സമൂഹത്തിന്റെ മനോഭാവത്തെ ഇതിനെയെല്ലാം താൻ എങ്ങനെയാണ് നേരിട്ടതെന്നും രഞ്ജിനി പറയുന്നു. തന്റെ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

താൻ വിട്ടുവീഴ്ച്ചകൾ ചെയ്യാത്ത വ്യക്തിയായതിനാലാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അഭിമാനത്തോടെ പിടിച്ചുനിന്നതെന്നും പ്രതികരിക്കാൻ ഭയപ്പെടുന്ന പെൺകുട്ടികളെ കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ടെന്നും രഞ്ജിനി പറയുന്നു. കണ്ണൂരിലെ പരസ്യചിത്രീകരണത്തിനിടയിലും ദുബായിലെ ഒരു ഷോയ്ക്കിടയിലും ഉണ്ടായ മോശം അനുഭവവും അവർ തുറന്നുപറയുന്നുണ്ട്. അന്ന് പരസ്യചിത്രീകരണത്തിന് ശേഷം മുറിയിൽ തങ്ങാൻ ആവശ്യപ്പെട്ട വ്യക്തിയേയും കോർഡിനേറ്ററേയും ഹോട്ടലിന് പുറത്തുവെച്ച് താൻ ചോദ്യം ചെയ്തുവെന്ന് രഞ്ജിനി പറയുന്നു. ദുബായിലെ ഷോയ്ക്കിടെ കെണിയിലാക്കാൻ ശ്രമിച്ച സംഘാടകർക്കെതിരെ ഭദ്രകാളിയെപ്പോലെയാണ് താൻ പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

‘ഞങ്ങൾ പരിപാടികൾക്കായി ദുബായ്, യുഎഇ, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യാറുണ്ട്. എന്റെ 18-ാമത്തെ വയസിലാണ് ഞാൻ ആദ്യമായി വിമാനത്തിൽ കയറിയത്. മിസ് കേരള ആയതിനുശേഷം സ്വിറ്റ്‌സർലൻഡ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഷോകളിൽ പങ്കെടുക്കാനാണ് പോയത്. അമ്മയും കൂടെയുണ്ടായിരുന്നു. ജയറാമേട്ടനും പാർവതി ചേച്ചിയുമെല്ലാം ഉണ്ടായിരുന്നു. അന്ന് എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറിയത്. എല്ലാ ഷോകളും അതുപോലെയാകുമെന്ന് ഞാൻ കരുതി. എന്നാൽ പിന്നീട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

ഒരിക്കൽ ദുബായിൽ ഷോയ്ക്ക് പോകുമ്പോൾ എനിക്ക് ഹോട്ടൽ ഇഷ്ടമല്ലാത്തതിനാൽ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അന്ന് റിഹേഴ്‌സലിനായി എത്തിയപ്പോൾ വനിതാ ആർട്ടിസ്റ്റുകൾ എന്നോട് പരാതി പറഞ്ഞു. ഹോട്ടൽ മുറികളിൽ അപരിചിതരായ ആളുകൾ ഫോൺ വിളിക്കുന്നുവെന്നും വാതിലിൽ മുട്ടുന്നുണ്ടെന്നും പറഞ്ഞു. ആ ഷോയുടെ സ്‌പോൺസർമാരിൽ ഒരാൾ എന്നേയും വിളിച്ചു. എന്നെ കാണാൻ താത്പര്യമുണ്ടെന്നും ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാമെന്നും പറഞ്ഞു. ഗൗരവം മനസിലാക്കാതെ ഞാൻ ലഞ്ചിന് പോയി. ഭക്ഷണത്തിനുശേഷം ഒരു മൊബൈൽ വാങ്ങാൻ കടയിലേക്ക് പോകാം എന്ന് പറഞ്ഞു. ആദ്യത്തെ അനുഭവം ആയതിനാൽ അത്തരം വാഗ്ദ്ധാനങ്ങളുടെ പിന്നിലെ ലക്ഷ്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഫോണിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഞാൻ അയാളുടെ ഓഫർ നിരസിച്ചു. പിന്നീട് മറ്റുള്ളവർ കൂടി പറഞ്ഞതോടെ അവിടെ സുരക്ഷിതമല്ലെന്ന് എനിക്ക് മനസിലായി.

അന്ന് ആ ഷോ കഴിഞ്ഞശേഷം സംഘാടകർ ഞങ്ങളെ ഡിന്നറിനായി ഒരു ഉൾപ്രദേശത്തേക്കാണ് കൊണ്ടുപോയത്. അവിടെ മദ്യവും മറ്റ് അനാവശ്യമായ കാര്യങ്ങളുമെല്ലാമാണ് നടന്നിരുന്നത്. ഇതൊന്നും അറിയാതെയാണ് ഞങ്ങൾ അവിടെ എത്തിയത്. അന്്‌ന് ഒരു ഭദ്രകാളിയെപ്പോലെ ഞാൻ പ്രതികരിച്ചു. കാരണം ആ സാഹചര്യത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് കടുത്ത അപമാനം തോന്നി. ഡിന്നർ എന്ന് കള്ളം പറഞ്ഞ് അവർ ഞങ്ങളെ കെണിയിൽ പെടുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവരിൽ നിന്ന് സംഘാടകർ പണം വാങ്ങിയിട്ടുണ്ടോ എന്നുപോലും എനിക്ക് സംശയമുണ്ട്. അന്ന് ഞാൻ ഒച്ചയും ബഹളവും ഉണ്ടാക്കിയിട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. അപ്പോഴാണ് എന്നെ ലഞ്ചിന് ക്ഷണിച്ച വ്യക്തിയുടെ ഉദ്ദേശവും ഇത് തന്നെയായിരുന്നിരിക്കാം എന്ന് എനിക്ക് മനസിലായത്.

വർഷങ്ങൾക്കുശേഷം കണ്ണൂരിൽവെച്ചും മോശം അനുഭവമുണ്ടായി. പരസ്യചിത്രീകരണമെല്ലാം പൂർത്തിയായ ശേഷം എന്നോട് ഹോട്ടലിൽ തങ്ങാൻ പറഞ്ഞു. എനിക്ക് മറ്റു ജോലിയുള്ളതിനാൽ പോകണമെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് സ്റ്റാർ സിംഗർ അവതാരകയായിരുന്നു. എന്റെ കൂടെ എപ്പോഴും ഡ്രൈവർ ആശിഖും ഉണ്ടാകും. പരസ്യത്തിന്റെ പണം തരാൻ വന്ന വ്യക്തി രാത്രി അവിടെ തങ്ങുന്നതും കരാറിന്റെ ഭാഗമാണെന്ന് പറഞ്ഞു. പരസ്യത്തിന്റെ കോർഡിനേറ്റർ ഇക്കാര്യം തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അയാൾപറഞ്ഞു. ഇതോടെ ഞാൻ അയാളെ മുറിക്ക് പുറത്താക്കി താഴേക്ക് കൊണ്ടുപോയി അയാളേയും കോർഡിനേറ്ററേയും പരസ്യമായി ചോദ്യം ചെയ്തു. എന്റെ കൂടെ കിടന്നുറങ്ങാം എന്ന് താനാണോ ഇയാളോട് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ കോർഡിനേറ്റർ കൈമലർത്തി. ആശിഖിനെ സാക്ഷി നിർത്തി ഞാൻ അവരെ രണ്ട് പേരേയും ചോദ്യം ചെയ്തു. അവർ പരസ്പരംകുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചു.

എനിക്ക് അത്രയധികം ദേഷ്യം വന്നതിനാൽ മോശമായി സംസാരിച്ച വ്യക്തിയുടെ വീട്ടിലേക്ക് പോകണമെന്നും ഭാര്യയേയും മക്കളേയും കാണണമെന്ന് ഞാൻ വാശി പിടിക്കുകയും ചെയ്തു. പോകുന്ന വഴിക്ക് ഞാൻ അയാളെ കടുത്ത ഭാഷയിൽ ഉപദേശിച്ചു. അയാൾ ആകെ ഭയന്ന് എന്നോട് മാപ്പ് പറഞ്ഞു. ഞാനും ആശിഖും അയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു. അതൊരു വലിയ കൂട്ടുകുടുംബമായിരുന്നു. അവർ വളരെ നല്ല മനുഷ്യരായിരുന്നു. ഇതുകണ്ടപ്പോൾ എനിക്ക് അയാളോട് വെറുപ്പ് തോന്നി. പുറത്ത് മാന്യനായി ജീവിക്കുകയും മറുഭാഗത്ത് സ്ത്രീകളോട് വൃത്തികെട്ട രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഇത്തരത്തിലുള്ള എത്രയോ മനുഷ്യർ ഇവിടെയുണ്ട് എന്ന് എനിക്ക് മനസിലായി. ഇനിയൊരിക്കലും ആവർത്തിക്കരുത് എന്ന് പറഞ്ഞ് അയാളെ ഭീഷണിപ്പെടുത്തിയാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്.

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടനിൽ നിന്നും എനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ട്. അദ്ദേഹം എന്റെ വളരെ നല്ല സുഹൃത്തായിരുന്നു. അയാൾ ഒരിക്കൽ ഒരു ഷർട്ടിടാത്ത ചിത്രം എനിക്ക് അയച്ചു തന്നു. തിരിച്ച് ഞാനും അത്തരത്തിൽ ഒരു ഫോട്ടോ അയയ്ക്കാൻ പറഞ്ഞു. നിങ്ങൾക്ക് എന്താണ് കുഴപ്പമെന്ന് ഞാൻ തിരിച്ചുചോദിച്ചു. മറ്റൊരിക്കൽ സംഗീതരംഗത്ത് പ്രശസ്തനായ ഒരു വ്യക്തി എന്നോട് മോശമായ രീതിയിൽ സംസാരിക്കുകയും കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു. എനിക്ക് താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഇതോടെ ‘ഞാൻ എല്ലാ വാതിലിലും മുട്ടും, താത്പര്യമുള്ളവർ തുറക്കും, ഇല്ലാത്തവർ പോകട്ടെ’ എന്നായിരുന്നു അയാളുടെ മറുപടി. ‘നല്ലകാര്യം, പെർമിഷൻ ചോദിച്ചിട്ട് എന്തുവേണമെങ്കിലും ചെയ്‌തോളൂ, അത് തരത്താവരെ ബുദ്ധിമുട്ടിക്കരുത്’ എന്ന് ഞാൻ അയാളോട് തിരിച്ച് പറഞ്ഞു.

അതുപോലെ എനിക്ക് നന്നായി അറിയാവുന്ന ഒരു മോഡൽ ഷോ കോർഡിനേറ്റർ എന്നെ വിളിച്ച് ഉദ്ഘാടന പരിപാടിയുണ്ടെന്നും ചോദിക്കുന്ന അത്രയും പണം തരുമെന്നും പറയും. അതിന്റെ കൂടെ ഒരു ‘പക്ഷേ’ കൂടിയുണ്ടാകും. മറ്റ് ചില ആവശ്യങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ പക്ഷേ ഞാൻ ചെയ്യില്ല എന്ന് ഞാൻ അപ്പോൾ തന്നെ പറയും. നമ്മുടെ ടാലന്റും പ്രശസ്തിയും കണ്ടാണ് ഉദ്ഘാടനത്തിന് വിളിക്കേണ്ടത്. അല്ലാതെ മറ്റു ആവശ്യങ്ങൾക്കല്ല. ക്ലീൻ ആയിട്ടുള്ള ഷോകൾക്ക് അദ്ദേഹം വിളിക്കുമ്പോൾ ഞാൻ ഇന്നും പോകാറുണ്ട്.

അതുപോലെ ഞാൻ ഏറ്റവും കൂടുതൽ കേട്ട കാര്യമാണ് വ്യാജ അപവാദങ്ങൾ. ഒരു സ്ത്രീ കരിയറിൽ വിജയിക്കുന്നതും സ്വതന്ത്രമായി ഒറ്റയ്ക്ക് ജീവിക്കുന്നതും സഹിക്കാൻ ഇവിടുത്തെ സമൂഹത്തിന് ഇപ്പോഴും അംഗീകരിക്കാനാകില്ല. അത്തരം സ്ത്രീകൾ മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിട്ടാണ് പണമുണ്ടാക്കുന്നതെന്ന് അവർ പറഞ്ഞുണ്ടാക്കും. യാതൊരു വിവരവുമില്ലാതെ ഫോട്ടോകൾ കണ്ട് ആളുകൾ നടത്തുന്ന പ്രചാരണങ്ങലാണ് ഏറ്റവും കഷ്ടം. മുമ്പ് ഞാൻ എന്റെ ബോയ്ഫ്രണ്ടിനൊപ്പം ടെകീല കഴിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. അത് പ്രചരിച്ചതോടെ രഞ്ജിനി കള്ളുകുടിച്ചു എന്ന രീതിയിൽ വാർത്തകളായി. പ്രായപൂർത്തിയായ ഞാൻ ബോയ്ഫ്രണ്ടിനൊപ്പം ഒരു പാർട്ടിയിൽ എൻജോയ് ചെയ്യുന്നതിൽ എന്താണ് പ്രശ്‌നം. അന്ന് രഹസ്യമായി ഫോട്ടോ എടുത്ത ആളാണ് അതിൽ കുറ്റക്കാരൻ. അതുപോലെ എന്നെ കുറിച്ച് ഏറ്റവും കൂടുതൽ പ്രചരിച്ച ഒന്നാണ് എം.എം.എസ് വീഡിയോ വിവാദം. ഇന്നും സോഷ്യൽ മീഡിയയിൽ കമന്റുകളിൽ ആളുകൾ ഇത് ചോദിക്കാറുണ്ട്.

ആ വീഡിയോയിലെ പെൺകുട്ടി ഞാൻ ആയിരുന്നെങ്കിൽ വലിയ സന്തോഷമായേനെ. കാരണം അത്രയും നല്ല ശരീരഭംഗിയുള്ള ഒരു കുട്ടിയായിരുന്നു അത്. എനിക്ക് അങ്ങനെയൊരുഭാഗ്യമൊന്നും ദൈവം തന്നിട്ടില്ല. ആളുകൾ എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ തയ്യാറായി നിൽക്കുകയാണ്. ഇന്ന് ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ എളുപ്പമാണ്. എന്നിട്ടും എന്റെ പേര് പറഞ്ഞ് ആ വീഡിയോ പ്രചരിച്ചു.

എന്റെ 30 വർഷത്തെ കരിയറിൽ ഇത്തരം മോശം അനുഭവങ്ങൾ എന്നെ തളർത്തിയിട്ടില്ല. 15-ാം വയസ്സിൽ മോഡലിങ് തുടങ്ങി ഇപ്പോൾ 44 വയസിലെത്തി നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ഓൺലൈനിലെ ആൾക്കൂട്ടത്തിന്റെ വെറുപ്പും സൈബർ ആക്രമണവുമൊക്കം ഒരു പരിധി വരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. പ്രതികരിക്കാതിരിക്കുന്ന പെൺകുട്ടികളുടെ അനുഭവങ്ങൾ എത്രത്തോളം വലുതായിരിക്കുമെന്ന് ഞാൻ പലപ്പോഴും ആലോലിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തും കഴിവുള്ളവർക്ക് പകരം മറ്റ് ചില പ്രത്യേക ബന്ധമുള്ളവർക്ക് പ്രൊമോഷൻ ലഭിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വർഷങ്ങളുടെ കഠിനധ്വാനത്തിലൂടേയും പോരാട്ടത്തിലൂടെയുമാണ് എനിക്ക് സമൂഹത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇന്നത്തെ ബഹുമാനവും അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞത്.’-രഞ്ജിനി വീഡിയോയിൽ പറയുന്നു.

Related Posts

Load More Posts Loading...No More Posts.