തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിർണായകമായ അടിത്തറ ഒരുക്കുന്നതാണെന്ന് ബഹ്റൈനിലെ വികെഎൽ & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.
മാരിടൈം സമ്പദ് വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ,
ഇൻവെസ്റ്റ് കേരളം സെൽ, ഓരോ മേഖലകളിലുമുള്ള പ്രത്യേക നിക്ഷേപ സാദ്ധ്യതകൾ , ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്, എംഎസ്എംഇ വളർച്ചാ പദ്ധതികൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ വ്യവസായ മേഖലക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇൻകെൽ, കിൻഫ്ര എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലുള്ള പദ്ധതികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമായ ബജറ്റാണിതെന്നും ഇൻകെൽ ഡയറക്ടർ കൂടിയായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.
പ്രവാസി നിക്ഷേപങ്ങളെ ആകർഷിക്കുന്ന പദ്ധതികളും ചെറുകിട സംരംഭകർക്കുള്ള പിന്തുണയും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഗുണകരമാകുമെന്നും തൊഴിൽ സൃഷ്ടിക്കും വ്യവസായ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















