Thursday, August 13, 2026
Local News

കോലിയക്കോട് സൊസൈറ്റി ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ കാർഷെഡിലേക്ക് ഇടിച്ചു കയറി

പോത്തൻകോട്: കോലിയക്കോട് സൊസൈറ്റി ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാർ വീടിന്റെ കാർഷെഡിലേക്ക് ഇടിച്ചുകയറി ഗേറ്റും ഷെഡിന്റെ തൂണുകളും തകർത്തു. ഷെഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിനും ഇരുചക്രവാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. ജൂലൈ 9 രാത്രി 9 മണിയോടെയായിരുന്നു സംഭവം.

പോത്തൻകോട് ഭാഗത്ത് നിന്ന് കോലിയക്കോട് ഭാഗത്തേക്ക് ബൈപാസ് റോഡിലൂടെ എത്തിയ KL 01 BL 8132 നമ്പർ സ്വിഫ്റ്റ് കാർ സൊസൈറ്റി ജംഗ്ഷന് സമീപമുള്ള വളവിൽ നിയന്ത്രണം വിട്ട് പോലീസിന്റെ മുന്നറിയിപ്പ് ബോർഡ് തകർത്ത് റോഡിൽ നിന്ന് മാറി ഏകദേശം പത്ത് മീറ്റർ ദൂരെയുള്ള കോലിയക്കോട് അശ്വതി ഭവനിൽ അജിത്തിന്റെ വീട്ടിലെ കാർഷെഡിലേക്കാണ് ഇടിച്ചുകയറിയത്.

അപകടശബ്ദം കേട്ട് പുറത്തേക്കെത്തിയ വീട്ടുകാർ കണ്ടത് ഷെഡിനുള്ളിൽ ഇടിച്ചുകയറിയ വാഹനത്തെയായിരുന്നു. സ്ത്രീയായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് ഇവരുടെ ആരോപണം.

അപകടത്തിൽ ഷെഡിന്റെ ഗേറ്റും തൂണുകളും തകർന്നതോടൊപ്പം ഷെഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന KL 16 F 6814 സാൻട്രോ കാറിനും KL 16 Y 9078 യുണികോൺ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.

അപകടത്തിനു ശേഷം വാഹനമോടിച്ചിരുന്നയാളെ സുരക്ഷിതമായി ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോകാൻ അനുവദിച്ചുവെന്നും, എന്നാൽ അടുത്ത ദിവസം അപകടസ്ഥലത്ത് നിന്ന് യാതൊരു അറിയിപ്പുമില്ലാതെ വാഹനം കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് തടയുകയും പോത്തൻകോട് പോലീസിൽ പരാതി നൽകുകയും ചെയ്തതായി അജിത്ത് പറഞ്ഞു.

അമിതവേഗത്തിലും അശ്രദ്ധയോടെയും കാർ ഓടിച്ചതിനെ തുടർന്ന് വീടിന്റെ കാർഷെഡിനും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. FIR പ്രകാരം, കാർഷെഡ് തകർന്നതിലൂടെ പരാതിക്കാരന് ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും വാഹനങ്ങളുടെ കേടുപാടുകൾ ഉൾപ്പെടെ ആകെ നഷ്ടം ഏകദേശം 50,000 രൂപ വരെയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ പോത്തൻകോട് പോലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, കോലിയക്കോട് സൊസൈറ്റി ജംഗ്ഷനു സമീപമുള്ള വളവ് അപകടസാധ്യത കൂടുതലുള്ള മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. പോത്തൻകോട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കഴിഞ്ഞ് റോഡ് താരതമ്യേന തുറന്ന നിലയിലാകുന്നതിനാൽ പല വാഹനങ്ങളും അമിതവേഗത്തിൽ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ പ്രദേശത്ത് മുമ്പും നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു.

Related Posts

Load More Posts Loading...No More Posts.