Thursday, August 13, 2026
News

എം.പി.വീരേന്ദ്രകുമാർ അറിവിന്റെയും പരിസ്ഥിതി രാഷ്ട്രീയത്തിന്റെയും മങ്ങാത്ത പ്രകാശഗോപുരം- മുഖ്യമന്ത്രി

Here are four key pieces of picture-taking advice to use for your next trip.

കോഴിക്കോട്: അഗാധമായ പാണ്ഡിത്യം കൊണ്ടും പരിസ്ഥിതി വിഷയങ്ങളിലുള്ള ദീർഘവീക്ഷണം കൊണ്ടും കേരള രാഷ്ട്രീയത്തിൽ വിസ്മയമായിരുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ സംഘടിപ്പിച്ച വീരേന്ദ്രകുമാറിന്റെ ആറാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ ഹൃദയത്തിൽ ബഹുമാനത്തോടും അത്ഭുതത്തോടും കൂടി പ്രതിഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് വീരേന്ദ്രകുമാർ എന്നും അദ്ദേഹത്തിന്റെ വായനയും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഒരിക്കൽ കൊച്ചിയിൽനിന്ന്  ഡൽഹിയിലേക്കുള്ള വിമാനയാത്രയിൽ വീരേന്ദ്രകുമാറിനൊപ്പം സഞ്ചരിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. യാത്രയിൽ നൂറിലധികം പുസ്തകങ്ങളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുർക്കിഷ് എഴുത്തുകാരൻ ഓർഹാൻ പാമുക്കിനെക്കുറിച്ചും മർക്കേസിനെക്കുറിച്ചും സംസാരിക്കുന്ന അതേ ആഴത്തിൽ തന്നെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും വോൾസ്ട്രീറ്റ് ജേർണലിനെക്കുറിച്ചും സ്വീഡനിലെ നികുതി സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളെക്കുറിച്ച് വീരേന്ദ്രകുമാറിനുണ്ടായിരുന്ന പാണ്ഡിത്യം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ലോകം ഗൗരവമായി ചിന്തിക്കുന്നതിനും 15 വർഷം മുൻപേ ആ വിഷയങ്ങൾ സമൂഹത്തിന് മുന്നിലെത്തിച്ച ദീർഘദർശിയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം ലോകം ചർച്ച ചെയ്യുന്ന ‘വൺ ഹെൽത്ത്’ എന്ന ആശയം, അതായത് പ്രകൃതിയുടെ ആരോഗ്യം നശിച്ചാൽ മനുഷ്യന്റെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാകുമെന്ന സത്യം വർഷങ്ങൾക്ക് മുൻപേ അദ്ദേഹം എഴുതിയിരുന്നു.

പ്ലാച്ചിമട സമരത്തിലൂടെ ഭൂഗർഭജലം സാധാരണക്കാരന്റെ എത്ര വലിയ സ്വത്താണെന്ന് കേരളത്തെ പഠിപ്പിച്ചത് അദ്ദേഹമാണ്. മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് പരിസ്ഥിതിക്കായി ശബ്ദമുയർത്താൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്ന ഒരു ‘സമ്മർദ്ദ ഗ്രൂപ്പായി’ പ്രവർത്തിക്കാൻ ‘ഗ്രീൻ മൂവ്‌മെന്റ്’ പോലുള്ള ആശയങ്ങൾക്ക് അദ്ദേഹം എന്നും കരുത്ത് പകർന്നിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിച്ചു.

രാഷ്ട്രീയത്തിലെ വ്യക്തിബന്ധങ്ങൾക്കും സ്നേഹത്തിനും അദ്ദേഹം വലിയ വില കൽപ്പിച്ചിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും രാം മനോഹർ ലോഹ്യയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ കഥ ഇതിന് ഉദാഹരണമായി അദ്ദേഹം വിവരിച്ചു. രാഷ്ട്രീയമായി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്ന ആ കാലഘട്ടം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തലമുറ രാഷ്ട്രീയ ബോധമുള്ളവരും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരും പരിസ്ഥിതി സൗഹൃദപരമായ നിലപാടുള്ളവരുമായി വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങൾ ഹൃദയത്തോട് ചേർത്തുനിർത്തുന്ന മനുഷ്യസ്നേഹിയായി വരുംതലമുറയ്ക്ക് മുന്നിൽ എം.പി. വീരേന്ദ്രകുമാർ ഒരു പ്രകാശഗോപുരമായി നിലകൊള്ളുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ്‌ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, ഡോ.വറുഗീസ് ജോർജ്, സംവിധായകൻ സത്യൻ അന്തിക്കാട്, വി.കുഞ്ഞാലി, എം.കെ. ഭാസ്ക്കരൻ, അനു ചാക്കോ, ഇ.പി. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

Load More Posts Loading...No More Posts.