Monday, August 10, 2026
LIFE
Work & LifeWellness

യുവത്വം മാറ്റം കുറിച്ചു, ജനവിധിയെ തള്ളാൻ നാം ആര്? വിജയ്‌യുടെ വിജയത്തിൽ ശിവകുമാർ

Here are four key pieces of picture-taking advice to use for your next trip.

തമിഴ്‌നാട് രാഷ്ട്രീയത്തെ അടിമുടി അട്ടിമറിച്ചാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായത്. തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും അത്  സർക്കാർരൂപീകരിക്കും വരെ എത്തുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ആദ്യ അവസരത്തിൽ തന്നെ വിജയ് സർക്കാർ രൂപീകരിച്ചതോടെ ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെല്ലാം ആ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുന്നുണ്ട്.

നിരവധി താരങ്ങൾ വിജയെ പിന്തുണച്ചും പ്രശംസിച്ചും ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മുതിർന്ന നടനും സൂര്യ, കാർത്തി എന്നിവരുടെ പിതാവുമായ ശിവകുമാറും വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

“നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, കാമരാജ് ഒൻപത് വർഷം ജയിലിൽ കിടന്നു, അതിനുശേഷം ഒൻപത് വർഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി. അദ്ദേഹം അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടു. അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ തലയിണയ്ക്കടിയിൽ 140 രൂപയും അഞ്ചോ ആറോ പുസ്തകങ്ങളും രണ്ട് ജോഡി ചെരിപ്പുകളും നാലോ അഞ്ചോ കുർത്തകളും മാത്രമാണുണ്ടായിരുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത് മുഴുവൻ. അങ്ങനെയൊരു നേതാവിനെ ഇന്ന് കാണാനാകുമോ? എങ്കിലും അദ്ദേഹം പരാജയപ്പെട്ടു. അതിനുശേഷം ദ്രാവിഡ പാർട്ടികൾ വന്ന് ഏതാണ്ട് 60 വർഷത്തോളം സംസ്ഥാനം ഭരിച്ചു. ഇന്ന് ജനങ്ങൾക്ക് ഡി.എം.കെ.യോ എ.ഐ.എ.ഡി.എം.കെ.യെയോ വേണ്ട. അവർ വിജയ്ക്ക് വോട്ട് ചെയ്തു. ആര് അധികാരത്തിൽ വരണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. വോട്ട് ചെയ്തവരിൽ 90 ശതമാനവും യുവാക്കളാണ്. അവർ പണം വാങ്ങാതെയാണ് വോട്ട് ചെയ്തത്. എന്റെ സ്വന്തം പേരക്കുട്ടി (സൂര്യയുടെ മകൻ) വോട്ട് ചെയ്തു. അവരാണ് ഭാവി. ജനങ്ങൾക്ക് മാറ്റം വേണമായിരുന്നു. ജനങ്ങൾ അവരുടെ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ അത് തെറ്റാണെന്ന് പറയാൻ നാം ആര്? വിജയ് നല്ലത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. അദ്ദേഹം വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.”

കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. കടുത്ത ഡി.എം.കെ. അനുഭാവിയായ നടൻ സത്യരാജും ഒപ്പമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നയാളാണ് സത്യരാജ്. തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹം അടുത്തിടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

“കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ദ്രാവിഡ മാതൃകയിലുള്ള സർക്കാരിന്റെയും മുത്തുവേൽ കരുണാനിധി സ്റ്റാലിന്റെയും അനുഭാവിയാണ്. മുത്തുവേൽ കരുണാനിധി സ്റ്റാലിനോടും ദ്രാവിഡ മുന്നേറ്റ കഴകത്തോടുമുള്ള എന്റെ പിന്തുണ വരുംകാലങ്ങളിലും കൂടുതൽ ശക്തമായിരിക്കുമെന്ന് ഞാൻ അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ, സന്തോഷത്തോടെ, പ്രസന്നതയോടെ പ്രഖ്യാപിക്കുന്നു” എന്നായിരുന്നു വീഡിയോയിൽ സത്യരാജിന്റെ വാക്കുകൾ.

സത്യരാജിന്റെ മകനും നടനുമായ സിബി സത്യരാജ് വിജയ്‌യുടെ കടുത്ത ആരാധകനാണ് എന്നതാണ് രസകരമായ കാര്യം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിബി വിജയ്‌യെ നേരിൽ കണ്ടിരുന്നു.

Related Posts

Load More Posts Loading...No More Posts.