തന്നെ കാണാൻ ഒരു ‘വിഐപി ആരാധിക’ വന്ന കഥ പറഞ്ഞ് നടൻ ജയറാം. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിയായിരുന്നു അത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ ഐപിഎൽ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി തന്നെ സന്ദർശിച്ചത്. ഓടിവന്ന് അവർ തന്റെ കാലിൽ വീണ് തൊഴുതെന്നും ജയറാം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘പരിമള ആൻഡോ കോ’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
“ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർത്ഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു.
ഞാൻ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലിൽ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവർക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവർ ധോനിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്.” ജയറാമിന്റെ വാക്കുകൾ.
20 വർഷങ്ങൾക്കുശേഷം ജയറാമും ഉർവശിയും നായകനും നായികയുമായി എത്തുന്ന ചിത്രമാണ് പരിമളം ആൻഡ് കോ. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, മിഷ്കിൻ, സാൻഡി, സഞ്ജനാ കൃഷ്ണമൂർത്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും.















