ഫൈനലിൽ കേരളത്തെ 9 വിക്കറ്റിന് തോൽപ്പിച്ചു; കൽപ്പന ചോരിയ പ്ലെയർ ഓഫ് ദി മാച്ച്
തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ എൻവെസ്റ്റ് നെറ്റ് സെനിത് ട്രോഫി 2026 അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ചാമ്പ്യന്മാരായി. കഴക്കൂട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കേരളത്തെ ഒമ്പത് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. വിജയലക്ഷ്യമായ 116 റൺസ് ഗുജറാത്ത് 13.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഗുജറാത്തിനായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച് 54 റൺസ് നേടിയ കൽപ്പന ചോരിയയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
വിജയികൾക്കുള്ള സമ്മാനദാനം വി. മുരളീധരൻ എം.എൽ.എ. നിർവഹിച്ചു. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള ജനറൽ സെക്രട്ടറി രജീഷ് ഹെൻട്രി, എൻവെസ്റ്റ് നെറ്റ് കമ്പനി പ്രതിനിധി സന്തോഷ് കേശവൻ, യു.എസ്.ടി. പ്രതിനിധി വിനീത് മോഹൻ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
എൻവെസ്റ്റ് നെറ്റ് സെനിത് ട്രോഫി 2026 ജേതാക്കളായ ഗുജറാത്ത് ടീമിന് വി. മുരളീധരൻ എം.എൽ.എ. സമ്മാനം കൈമാറുന്നു.
