Thursday, August 13, 2026
Food & Drink

ഹൃദയാരോഗ്യം സംരക്ഷിക്കും, പ്രതിരോധശേഷി വർധിപ്പിക്കും; ബ്ലാക്ക് റൈസിന്‌ ഗുണങ്ങളേറെയാണ്

Here are four key pieces of picture-taking advice to use for your next trip.

പ്രകൃതിദത്തമായ ഇരുണ്ട നിറത്തിന് കാരണം ആന്തോസയനിൻ (Anthocyanin) എന്ന ശക്തമായ ആന്റി-ഓക്‌സിഡന്റാണ്. സാധാരണ അരിയേക്കാൾ കൂടുതൽ ഫൈബർ, അയേൺ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ, ദഹനശേഷി മെച്ചപ്പെടുത്താൻ, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ എന്നിവയ്‌ക്കെല്ലാം ബ്ലാക്ക് റൈസ് സഹായകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

അരി കൊണ്ട് ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം, അട എന്നിവയെല്ലാം ബ്ലാക്ക് റൈസ് കൊണ്ടും തയ്യാറാക്കാം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്കിടയിൽ ഇന്ന് ബ്ലാക്ക് റൈസിന് വലിയ പ്രാധാന്യമുണ്ട്. ഇത്തവണ ബ്ലാക്ക് റൈസ് കൊണ്ട് തയ്യാറാക്കാവുന്ന രുചികരമായ രണ്ട് മധുര വിഭവങ്ങൾ നമുക്കും പരീക്ഷിച്ചുനോക്കാം.
ബ്ലാക്ക് റൈസ് ഖീർ
ചേരുവകൾ:
ബ്ലാക്ക് റൈസ് – അരക്കപ്പ്
പാൽ – ഒരു ലിറ്റർ

കണ്ടൻസ്ഡ് മിൽക്ക് – മുക്കാൽ കപ്പ്
മിക്‌സ്ഡ് ഡ്രൈ ഫ്രൂട്ട്‌സ് – കാൽ കപ്പ്
പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
ഏലക്ക – മൂന്ന്
തയ്യാറാക്കുന്നവിധം: അരി നന്നായി കഴുകി, രണ്ട് കപ്പ് വെള്ളത്തിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ കുതിർത്തുവെക്കുക. ശേഷം പ്രഷർ കുക്കറിൽ ഇട്ട് ഇരുപത് മിനിറ്റ് വേവിച്ചെടുക്കുക. പ്രഷർ പോയതിനു ശേഷം തവി കൊണ്ട് അരി നന്നായി ഉടച്ചെടുക്കണം. ചുവടു കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച അരി ചേർത്തിളക്കി, ഇടത്തരം തീയിൽ വെച്ച് ഇടയ്ക്ക് ഇളക്കുക. ശേഷം പഞ്ചസാരയും ഏലക്കയും കൂടി പൊടിച്ച് ചേർക്കുക. കണ്ടൻസ്ഡ് മിൽക്കും ചേർത്ത് യോജിപ്പിച്ചശേഷം ഡ്രൈ ഫ്രൂട്ട്‌സ് എല്ലാംകൂടി മിക്‌സി ജാറിൽ ക്രഷ് ചെയ്ത് ഖീറിലേക്ക് ചേർത്ത് യോജിപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റാം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

ബ്ലാക്ക് റൈസ് ലഡ്ഡു
ചേരുവകൾ:
ബ്ലാക്ക് റൈസ് – ഒരു കപ്പ്
ശർക്കര – 100 ഗ്രാം
കാഷ്യുനട്ട്‌സ് – കാൽ കപ്പ്
ബദാം – കാൽ കപ്പ്
ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതായി അരിഞ്ഞത് – കാൽ കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട് – കാൽ കപ്പ്
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
ഏലക്ക – നാല്
ഉപ്പ് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം: ശർക്കരയിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് ചൂടാക്കി പാനി തയ്യാറാക്കുക. അരി നന്നായി കഴുകിയതിനുശേഷം വെള്ളം വാർത്ത്, ഒരു തുണിയിൽ പരത്തി ഇട്ട് ഉണക്കിയെടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി, അരി ചേർത്ത് ഇടത്തരം തീയിൽ വെച്ച് നന്നായി ചൂടാക്കിയെടുക്കുക. ആറിയതിനു ശേഷം ഏലക്കയും ചേർത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക. ഇതേപോലെ കാഷ്യുനട്ടും ബദാമും ഒന്ന് ചൂടാക്കി പൊടിച്ച് അരി പൊടിച്ചതിലേക്ക് ചേർക്കുക. ഇതിലേക്ക് ഈന്തപ്പഴം അരിഞ്ഞതും ഡെസിക്കേറ്റഡ് കോക്കനട്ടും ഉപ്പും ചേർത്തിളക്കി, ശർക്കരപ്പാനി കുറേശ്ശെ ചേർത്ത് യോജിപ്പിക്കുക. എല്ലായിടവും നനഞ്ഞുവരുമ്പോൾ ബാക്കിയുള്ള നെയ്യും കൂടി ചേർത്ത് യോജിപ്പിച്ച് ഉരുളകളാക്കി എടുക്കുക.

Related Posts

Load More Posts Loading...No More Posts.