ലോകകിരീടം നിലനിർത്താൻ മെസ്സിപ്പട; ഡിബാലയില്ല, ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ലയണൽ മെസ്സി. ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇക്കുറിയും സ്‌കലോണിയുടെ സംഘത്തിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.

ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണൽ മെസ്സി തന്നെയാണ് അർജന്റീനയുടെ നെടുംതൂൺ. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായകമായിരുന്നു മെസ്സിയുടെ പ്രകടനം. ഫ്രാൻസിനെതിരായ ഫൈനലിൽ ഇരട്ടഗോളുകൾ നേടിയ താരം ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു. മുന്നേറ്റങ്ങളെ മെസ്സി നയിക്കുമ്പോൾ സ്‌ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമുണ്ട്. തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്. പൗലോ ഡിബാല ടീമിലില്ല.

ശക്തമായ മധ്യനിരയാണ് അർജന്റീനയുടേത്. കഴിഞ്ഞ ലോകകപ്പിൽ തിളങ്ങിയ ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ എന്നിവരെയെല്ലാം സ്‌കലോണി ഉൾപ്പെടുത്തിയിട്ടുണ്ട്. യുവതാരം വാലന്റീൻ ബാർകോയും ടീമിലുണ്ട്. അതേസമയം ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റയൽ മഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് സ്ക്വാഡിൽ ഇടംകിട്ടിയില്ല. ക്രിസ്റ്റിയൻ റൊമേറോ, ഗോൺസാലോ മൊൺടിയേൽ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങിയവരാണ് പ്രതിരോധക്കോട്ട കാക്കുന്നത്. എമിലിയാനോ മാർട്ടിനസ് തന്നെയാകും ഗോൾവല കാക്കുക. ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ എന്നിവരും ഗോൾകീപ്പർമാരായി ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം മെസ്സിയുടെയും എമിലിയാനോയുടെയും പരിക്ക് ടീമിന് ചെറിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ.

അർജന്റീന ടീം

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ

പ്രതിരോധനിര: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന

മധ്യനിര: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റൈൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്

മുന്നേറ്റനിര: ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്

Exit mobile version