കഴക്കൂട്ടം: അർജ്ജുന കഴക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘യുവമാനസം’ പരിപാടിക്ക് കഴക്കൂട്ടം അർജ്ജുന ഓഡിറ്റോറിയത്തിൽ തുടക്കമായി. വി. മുരളീധരൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു.
കഥകളി രംഗത്തേക്ക് കടന്നുവരുന്ന യുവപ്രതിഭകൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും തങ്ങളുടെ കലാപാടവം പ്രകടിപ്പിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘യുവമാനസം’ എന്ന പുതിയ പരിപാടിക്ക് തുടക്കമിട്ടത്.

മുൻവർഷങ്ങളിൽ വിജയകരമായി സംഘടിപ്പിച്ച കഥകളി അധിഷ്ഠിത പരിപാടിയായ ‘ധീരോദാത്തം’, വിവിധ കലാരൂപങ്ങളുടെ അവതരണത്തിന് വേദിയൊരുക്കിയ ‘രജതാർജ്ജുനം’ എന്നിവയുടെ വിജയത്തെ തുടർന്നാണ് കഥകളിയിലെ യുവകലാകാരന്മാരെ പങ്കെടുപ്പിച്ച് ‘യുവമാനസം’ ഒരുക്കിയിരിക്കുന്നത്. അഞ്ചുമാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രതിമാസം ഓരോ അവതരണം വീതം നടക്കും.
കഥകളി കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യമാണെന്നും കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയും മാത്രമേ ഈ കലയിൽ പ്രാവീണ്യം നേടാനാകൂവെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി. മുരളീധരൻ എം.എൽ.എ. പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും കഥകളി രംഗത്തേക്ക് കടന്നുവരുന്നത് സന്തോഷകരമാണ്. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ കഥകളിയോട് അഭിനിവേശമുള്ള യുവതലമുറയെ ആകർഷിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയുമെന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ കഥകളി രംഗത്തെത്തുന്നതിലൂടെ അവരുടെ ആശയങ്ങളും കഴിവുകളും പ്രകടിപ്പിക്കാനുള്ള വേദിയായി പരിപാടി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. എ.പി.എസ്. നായർ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ, കഴക്കൂട്ടം എ.സി.പി. എസ്.വൈ. സുരേഷ്, വി.എസ്. സുനിൽ കൃഷ്ണൻ, സുമി ആറുമുഖൻ, ആർ.എൽ.വി. അർജുൻ സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.
നൃത്തത്തിൽ അരങ്ങേറ്റം പൂർത്തിയാക്കിയവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.