പോത്തൻകോട്: അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളാണ് നാടിന്റെ വികസനത്തിന് പ്രധാന വെല്ലുവിളിയാകുന്നതെന്ന് നെടുമങ്ങാട് എം.എൽ.എ ജി.ആർ. അനിൽ.
നവീകരിച്ച കക്കാട്ടുമഠം ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക കുരുക്കുകൾ അഴിച്ച് പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഗ്രാമപഞ്ചായത്തുകളില്‍ നിരവധി റോഡുകളുടെ നിർമാണം ഇതിനകം പൂർത്തിയാക്കാനാകുമായിരുന്നു. പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് പൂർണമായ അറിവുണ്ടാകണം. തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരം കണ്ടെത്തി പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ ജനങ്ങളും കക്ഷിരാഷ്ട്രീയഭദമന്യേ ജനപ്രതിനിധികളും ഒപ്പമുണ്ടാകണമെന്ന് എം.എൽ.എ പറഞ്ഞു.

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എസ്. കാർത്തിക, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ബിന്ദു, കൊയ്തൂർക്കോണം വാർഡംഗം സുമിന ചെഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
ജി.ആർ. അനിൽ എം.എൽ.എയുടെ ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി 11 കുളങ്ങളുടെ നവീകരണത്തിനായി അനുവദിച്ച രണ്ടരക്കോടി രൂപയിൽ പൂർത്തിയാക്കിയ പത്താമത്തെ കുളമാണ് കക്കാട്ടുമഠം ക്ഷേത്രക്കുളം. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള കുളത്തിന്റെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കുളത്തിന് 24.30 മീറ്റർ നീളവും 16 മീറ്റർ വീതിയും 1.80 മീറ്റർ ആഴവുമുണ്ട്.
ഇനി പൂർത്തിയാകാനുള്ളത് കരൂർ ക്ഷേത്രക്കുളം
11 കുളങ്ങളുടെ നവീകരണ പദ്ധതിയിൽ 10 കുളങ്ങളുടെ പ്രവൃത്തികൾ പൂർത്തിയായി. ഇനി പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കരൂർ ക്ഷേത്രക്കുളത്തിന്റെ നവീകരണം മാത്രമാണ് പൂർത്തിയാകാനുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ വിഷയം ചർച്ച ചെയ്തു. തിങ്കളാഴ്ച നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറഞ്ഞു.
കൊയ്ത്തൂർക്കോണം നീന്തൽക്കുളം നവീകരണം ഉടന്‍
ബജറ്റ് ഫണ്ടിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കൊയ്ത്തൂർക്കോണം നീന്തൽക്കുളത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി എം.എൽ.എ സ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി.