പോത്തന്‍കോട് അരങ്ങുണരും; വരാനിരിക്കുന്നത് അഞ്ചുനാള്‍ നീണ്ട നാടകോത്സവ രാവ്

നാടകോത്സവത്തിന്റെ ഉദ്ഘാടനം 17 ന് വൈകിട്ട് 5.30 ന് ജി. ആര്‍. അനില്‍ എം.എല്‍.എ നിര്‍വഹിക്കും.

പോത്തന്‍കോട് : നാടകം വെറും അരങ്ങിലെ കാഴ്ചയല്ല . അത് ഒരു സമൂഹത്തിന്റെ ജീവിതവും ചിന്തയും സ്വപ്നങ്ങളും പ്രതിഫലിക്കുന്ന വേദിയാണ്. പ്രശസ്തരായ കലാകാരന്മാരെയും മികച്ച നാടകങ്ങളെയും ഉള്‍പ്പെടുത്തി അഞ്ച് ദിവസങ്ങളായി നടത്താനൊരുങ്ങുന്ന സംസ്ഥാന പൊഫഷണല്‍ നാടകോത്സവത്തിന് പോത്തന്‍കോട് ജംഗ്ഷന്‍ വേദിയാകും.

ആര്‍ട്ടിസ്റ്റ് സത്യന്‍, ശ്രീകാര്യം അര്‍ജ്ജുനന്‍ എന്നീ കലാകാരന്‍മാരുടെ സ്മരണാര്‍ത്ഥംകലാനികുഞ്ജം തിയേറ്റര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ നടക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി സെമിനാറുകള്‍, പുസ്തകപ്രകാശനം, പ്രതിഭസംഗമം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറും.

നാടകോത്സവത്തിന്റെ ഉദ്ഘാടനം 17 ന് വൈകിട്ട് 5.30 ന് ജി. ആര്‍. അനില്‍ എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എ മാരായ വി. മുരളീധരന്‍, സുധീര്‍ഷാ പാലോട് എന്നിവര്‍ മുഖ്യാതിഥികളാവും. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമാതാരം അരിസ്റ്റോ സുരേഷ് ഉള്‍പ്പടെ നിരവധി കലാകാരന്‍മാരും ജനപ്രതിനിധികളും പങ്കെടുക്കും.

പ്രദീപ്കുമാര്‍ കാവുന്തറ രചിച്ച് സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്ത് കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന ശ്വാസം എന്ന നാടകമാണ് ഉദ്ഘാടനദിനത്തില്‍ അരങ്ങേറുക.

ഒക്ടോബര്‍ 18 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന പ്രതിഭസംഗമം മുന്‍ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. ഹേമന്ദ് കുമാര്‍ രചന നിര്‍വഹിച്ച് മനോജ് നാരായണന്‍ സംവിധാനം ചെയ്ത് ശ്രീധന്യ ആറ്റിങ്ങല്‍ അവതരിപ്പിക്കുന്ന ‘ഇല‘ യാണ് രണ്ടാം ദിനത്തിലെ നാടകം.

19 ന് തിങ്കളാഴ്ച വനിതവേദിയുടെ സര്‍ഗ്ഗസംവാദം നടക്കും. തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ നിസ.എ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 7 മണിക്ക് വി. ആര്‍. സുരേന്ദ്രന്‍ രചിച്ച് സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്ത് തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന ‘ഇരുവര്‍‘ എന്ന നാടകം നടക്കും.

20 ന് ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ലക്ഷ്മി.കെ.ആര്‍ രചിച്ച ഉച്ചാര, സുനില്‍കുമാര്‍ പ്ലാമൂട് രചിച്ച ‘ മറന്നുപോയ്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 7 മണിക്ക് ജയകുമാര്‍ പളളിമണ്‍ രചനയും വേണു.സി. കിഴക്കനേല സംവിധാനവും നിര്‍വഹിച്ച കൊല്ലം എക്കോ തീയറ്റേര്‍ അവതരിപ്പിക്കുന്ന ‘ നിലാവ് പറഞ്ഞത്; എന്ന നാടകം നടക്കും.

21 ന് ബുധനാഴ്ച അഞ്ചുനാള്‍ നീണ്ട നാടകോത്സവത്തിന് തിരശ്ശീല വീഴും. സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശിനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന്‍ ഇന്ദ്രന്‍സ്, വി. ജോയി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. അശോക് ശശി രചനയും സംവിധാനവും നിര്‍വഹിച്ച് തിരുവനന്തപുരം സൌപര്‍ണ്ണിക അവതരിപ്പിക്കുന്ന ‘പടയോട്ടം’ എന്ന നാടകമാണ് സമാപനദിവസം 7 മണിക്ക് നടക്കുക.

കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്കും നാടിനും ഉണര്‍വ് പകരുന്ന നാടകോത്സവമാണ് പോത്തന്‍കോട് നടക്കാനിരിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയ്സണ്‍ പോത്തന്‍കോട് അറിയിച്ചു. പോത്തന്‍കോട് കെ.എസ്.ആര്‍. ടി. സി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുളള പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് നാടകോത്സവത്തിന് വേദിയൊരുങ്ങുന്നത്. ടൌണില്‍ നടക്കാന്‍ പോകുന്ന നാടകോത്സവത്തിന്റെ ഭാഗമായി പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി ഗ്രാ‍മപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു. വി അറിയിച്ചു. പാര്‍ക്കിംഗ് ഉള്‍പ്പടെ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുളള ക്രമീകരണമാവും ഉണ്ടാവുകയെന്ന് പോത്തന്‍കോട് ടൌണ്‍ വാര്‍ഡ് മെമ്പര്‍ സാജന്‍ലാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version