ശതാബ്ദി ആഘോഷവേദിയിൽ ചിരിയും ചിന്തയും പകർന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
പോത്തൻകോട്: ‘പഠിച്ച് നിങ്ങൾക്കൊക്കെ ആരാവണം?’ എന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ചോദ്യത്തിന് പോലീസ്, ഡോക്ടർ, പൈലറ്റ്, അധ്യാപകൻ, എൻജിനീയർ, പട്ടാളക്കാരൻ തുടങ്ങിയ മറുപടികൾക്കിടയിൽ ‘മന്ത്രിയാവണം’ എന്ന ഇരട്ടസഹോദരങ്ങളായ അൽഫാന്റെയും സൽമാന്റെയും മറുപടി വേദിയെയും സദസ്സിനെയും ഒരുപോലെ സന്തോഷിപ്പിച്ചു.
സ്കൂളിൽ ആദ്യമായി പഠിക്കാനെത്തിയ വിദ്യാർഥികൾക്ക് ഇന്ന് എത്ര വയസ്സുണ്ടാകുമെന്ന മന്ത്രിയുടെ ചോദ്യത്തിന് ആമിന, അസ്ന, ആയിഷ എന്നിവർ ശരിയുത്തരം പറഞ്ഞതോടെയാണ് ‘നിങ്ങൾക്കൊക്കെ ആരാവണം?’ എന്ന അടുത്ത ചോദ്യം മന്ത്രി ഉന്നയിച്ചത്.
കേവലം പ്രഭാഷണത്തിൽ ഒതുങ്ങാതെ കുട്ടികളുമായി സംവദിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ഉദ്ഘാടന പ്രസംഗം. ഇത് അണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ വേദിയെ വേറിട്ടതാക്കി.
എല്ലാ സർക്കാരുകളും വിദ്യാഭ്യാസരംഗം ശാക്തീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തലമുറകൾക്ക് അറിവ് പകർന്ന വിദ്യാലയം ശതാബ്ദി പിന്നിടുമ്പോൾ അത് നാടിന്റെ പൈതൃക വിദ്യാലയമെന്ന നിലയിൽ ജനങ്ങളുമായി ആത്മബന്ധം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജി.ആർ. അനിൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാലയങ്ങൾ നാടിന്റെ വിളക്കുകളാണെന്നും സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യമാണ് നാടിന്റെ വളർച്ചയ്ക്ക് അടിത്തറയെന്നും എം.എൽ.എ പറഞ്ഞു.
സംഘാടക സമിതി ജനറൽ കൺവീനർ അണ്ടൂർക്കോണം മുബാറക്ക്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചന ആർ., വൈസ് പ്രസിഡന്റ് ബിപിൻ പള്ളിപ്പുറം, ജില്ലാ പഞ്ചായത്ത് അംഗം മഹാണി ജസീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഭുവനേന്ദ്രൻ നായർ, വാർഡ് അംഗങ്ങളായ ജാസിം എം., ഷാജി അഹമ്മദ്, അക്ബർ വൈ., സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ആർ., സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സോമൻ, എസ്.എച്ച്. ഷാനവാസ്, എസ്.എ. വാഹിദ്, കുന്നിനകം അഭിലാഷ്, അണ്ടൂർക്കോണം സുൽഫി, കണ്ണൻ യു., സുഭാഷ്, വിനോദ് വി., സഫീർ ചേരിയിൽ, സജാദ് നജാഫി, ഷറഫ ജെ.എസ്. എന്നിവർ സംസാരിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥികൾ അവതരിപ്പിച്ച കലാസംഗമം ‘ഒരു വട്ടം കൂടി’യും അരങ്ങേറി.
