നിർമാണ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകപരാതി
കഴക്കൂട്ടം : ആക്കുളത്തിനു സമീപം കട്ടേലയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ വലിയ ശബ്ദത്തോടെയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു.
എഴുപതോളം കുടുംബങ്ങൾ താമസിക്കുന്ന കട്ടേലയിലെ പി.ആർ.എസ്. അപ്പാർട്ട്മെന്റിനു മുന്നിലുള്ള റോഡാണ് തകർന്നത്. അപ്പാർട്ട്മെന്റിലെ താമസക്കാർ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. പ്രദേശത്ത് വില്ലാ പദ്ധതികളുടെ നിർമാണവും നടക്കുന്നുണ്ട്. ടാർ റോഡ് പിളർന്ന് വലിയ വിള്ളലുകളുണ്ടായതോടെ റോഡിന്റെ ഒരു ഭാഗം താഴെയുള്ള നിർമാണ സ്ഥലത്തേക്ക് ഇടിഞ്ഞുവീണു.

സമീപത്തെ ഗുഡ് ഷെപ്പേഡ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് റോഡ് ഇടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിനോടു ചേർന്ന ഭാഗത്ത് വ്യാപകമായി മണ്ണ് നീക്കം ചെയ്യുകയും ആഴത്തിൽ കുഴിയെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആവശ്യമായ സുരക്ഷാ ഭിത്തി ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കേണ്ടതുണ്ടെന്നും എന്നാൽ അശാസ്ത്രീയമായ രീതിയിലുള്ള നിർമാണമാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. നിർമാണം ആരംഭിച്ചിട്ട് ഏകദേശം ഒരു വർഷമായെന്നും റോഡിന് ഭീഷണിയുണ്ടാകുമെന്ന ആശങ്ക നേരത്തേ അധികൃതരെ അറിയിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സുരക്ഷാ ഭിത്തി നിർമിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അത് പൂർണമായി നടപ്പാക്കിയില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് മണ്ണ് കൂടുതൽ അയഞ്ഞത് റോഡ് ഇടിയുന്നതിന് ആക്കം കൂട്ടിയിരിക്കാമെന്നാണ് സംശയം. റവന്യൂ അധികൃതര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വി. മുരളീധരന് എം.എല്‍.എ യും സ്ഥലം സന്ദർശിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറുമായി എംഎൽഎ വിഷയം ചർച്ച ചെയ്തു.
തുടർന്ന് ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. കൗൺസിലർമാരായ കെ.പി. ബിന്ദു, അഡ്വ. മിനി പി.എസ്. എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
ഫോട്ടോ : ആക്കുളം കട്ടേലയിൽ ഇടിഞ്ഞു താഴ്ന്ന റോഡ് സന്ദർശിച്ച് വി. മുരളീധരൻ എംഎൽഎ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു